Kerala

ഗൃഹനാഥയുടെ കവർച്ചാനാടകം മോഷണക്കേസിൽ ട്വിസ്റ്റ്; 40 പവനും എട്ടരലക്ഷവും മന്ത്രിവാദിക്ക് കൊടുത്തു – house robbery

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും എട്ടരലക്ഷം രൂപയും കവർന്നു എന്ന മോഷണകേസിൽ വാൻ ട്വിസ്റ്റ്. കവർച്ചയ്ക്ക് പിന്നിൽ ഗൃഹനാഥ തന്നെയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് തൃശൂർ ചിറമങ്ങാട് സ്വദേശി അൻവർ അറസ്റ്റിലായി. വീട്ടിൽ അപകടമരണം സംഭവിക്കുമെന്ന് ഭയപ്പെടുത്തിയ മന്ത്രവാദിയുടെ വാക്കുവിശ്വസിച്ചാണ് ഗൃഹനാഥ കവർച്ച നടത്തിയത്.

ജനുവരി ആറിനാണ് ആലുവയിലെ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. പകൽ വീടിന്റെ പൂട്ടുപൊളിച്ച് 40 പവനും പണവും കവർന്നുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം അന്വേഷണം നടത്തുകയും പോലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധ നടത്തിയിരുന്നു.

തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ വീട്ടിൽ നടന്നത് കവർച്ചാനാടകമാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് ആഭിചാരക്രിയകൾ ചെയ്യുന്ന അൻവറിന്റെ നിർദേശം അനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചത്. ഭർത്താവിനും മക്കൾക്കും അപകടമരണം ഉണ്ടാകുമെന്നും അതിന് പരിഹാരം ചെയ്യണമെന്നും പറഞ്ഞു അൻവർ പലതവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു. തുടർന്ന് അൻവറിന്റെ നിർദേശപ്രകാരം ഗൃഹനാഥ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിക്കുകയും അകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട് മോഷണം നടന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു.

STORY HIGHLIGHT: black magic leads to house robbery