രാജ്യത്ത് നിര്‍ഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എന്‍ എസ് മാധവന്‍. ചരിത്രം ആസ്പദമാക്കി എഴുതുന്നവര്‍ കുറയുകയല്ല, അവര്‍ നിശ്ശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങള്‍ ചുറ്റും നടക്കുന്നു. കേരളവും തമിഴ്നാടും പോലെ ചുരുക്കം ചില ഇടങ്ങളേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ. വടക്കേ ഇന്ത്യയില്‍ സത്യം എഴുതുന്നവര്‍ക്ക് താമസിക്കാന്‍ വീട് കിട്ടാത്ത സ്ഥിതിയാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായ സ്ഥിതി ആയിരുന്നു. അന്നത്തെ കൂലിയെഴുത്തുകാരെ ഇന്ന് കാലം ചവറ്റുകുട്ടയില്‍ തള്ളിയെന്നും അവരുടെ പേരുപോലും ഓര്‍മകളില്ലെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. മീറ്റ് ദി ഓതര്‍ സെഷനില്‍ എസ് ഹരീഷുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് വായനയ്ക്ക് എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഗ്രാഫിക് നോവലുകള്‍ ജനപ്രിയമായി മാറി. കലയും സാഹിത്യവും എല്ലാക്കാലവും ഒരുപോലെ നിലനില്‍ക്കില്ല. കലാരൂപങ്ങള്‍ക്കും പ്രകൃതിനിയമം ബാധകമാണ്. മഹാകാവ്യങ്ങളും ആട്ടക്കഥകളും ഓപ്പേറകളും ഇല്ലാതായി. കാലത്തെ പണ്ട് അടയാളപ്പെടുത്തിയിരുന്നത് കവിതാശകലങ്ങള്‍കൊണ്ടായിരുന്നെങ്കില്‍ ഇന്നത് സിനിമാ ഡയലോഗുകള്‍ കൊണ്ടാണ്. അതേസമയം, ഏകാഗ്രതക്കുറവുണ്ടെന്ന് പറയുന്ന ഇന്നത്തെ കുട്ടികള്‍ ഹാരി പോട്ടര്‍ പോലെ വലിയ പുസ്തകങ്ങള്‍ താല്‍പര്യത്തോടെ വായിക്കുന്നുമുണ്ട്.
എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശിക ഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിനു തുടക്കം കുറിച്ചത് എം ടി യാണ്. എം ടി യുടെ നാലുകെട്ടും ഉറൂബിന്റെ ഉമ്മാച്ചുവും തകഴിയുടെ ചെമ്മീനും പ്രാദേശിക ഭാഷാ സൗന്ദര്യം കൊണ്ടുകൂടി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തിയ എം ടിയുടെ എഴുത്തില്‍ മാധവിക്കുട്ടിയുടെയോ ഒ വി വിജയന്റേയോ പല അടരുകളുള്ള എഴുത്തുശൈലി കാണണമെന്നില്ല. ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യത്തെ കുറെ ലക്കങ്ങളില്‍ വിമര്‍ശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമര്‍ശകലോകം സ്തബ്ധരായിരുന്നു. അപരിചിത്വം തകര്‍ത്ത് പിന്നീടത് സമൂഹത്തില്‍ പടര്‍ന്നുപിടിച്ചു. മലയാളം വായിക്കാനും എഴുതാനും സാഹചര്യമില്ലാതിരുന്ന വടക്കേ ഇന്ത്യന്‍ പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തിയാണ് ഹിഗ്വിറ്റ എഴുതിയത്. അതിനുശേഷമുള്ള എഴുത്തില്‍ അതുകൊണ്ടുതന്നെ മറ്റൊരു ശൈലി പ്രകടമായി.
പ്രമേയമാണ് എഴുത്തിന്റെ ഭാഷ നിശ്ചയിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു. ഓരോ നോവലെഴുതുമ്പോഴും തന്റെ വായന മാറുന്നുണ്ട്. ചുറ്റുമുള്ള ലോകം മാറുന്നുണ്ട്. ഇവയുടെ സ്വാധീനം എഴുത്തിലുമുണ്ടാകും. എന്നാല്‍ പ്രമേയമാണ് പ്രധാനമായും ഭാഷ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് തന്റെ മൂന്ന് നോവലുകളിലെയും ഭാഷ തികച്ചും വ്യത്യസ്തമായിരിക്കുന്നത്. സംഭവബഹുലമായ ‘മീശ’യില്‍നിന്ന് അന്തര്‍മുഖത്വമുള്ള ശൈലിയിലേക്ക് മറ്റു നോവലുകള്‍ പോയത് തന്റെ തന്നെ ഉള്ളിലുള്ള അന്തര്‍മുഖത്വം കൊണ്ടാണെന്നും എന്‍ എസ് മാധവന്റെ ചോദ്യത്തിന് ഹരീഷ് മറുപടി നല്‍കി.