Kerala

ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ – higher education conclave

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കോൺക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിൽ ‘സ്റ്റഡി ഇൻ കേരള’ എന്ന വിഷയത്തിൽ ഒരു പ്രീ-കോൺക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ നടത്തിയ വർത്ത സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന്, ജനുവരി 14, 15 തീയതികളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആണ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 14ന് രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തുടങ്ങി ഭരണ രംഗത്തെയും അക്കാദമിക് രംഗത്തെയും പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഗവേഷണമികവ് വളർത്തൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാൻ നവീനമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കൽ, ആഗോള ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ കോൺക്ലേവ് വിശദമായി ചർച്ചചെയ്യും. വ്യവസായ-വിദ്യാഭ്യാസ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, മികച്ച ഗവേഷണവിദ്യകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിപുലമായ പര്യവേഷണങ്ങൾ കോൺക്ലേവിൽ നടക്കും.

STORY HIGHLIGHT: higher education conclave