ആലപ്പുഴ: സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ ജില്ലാസമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് നാസര്‍ (67) ജില്ലാ സെക്രട്ടറിയാകുന്നത്. കമ്മിറ്റിയിലേക്ക് പുതുതായി യു പ്രതിഭ എംഎൽഎയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പെടുത്തി. യു പ്രതിഭ എംഎൽഎയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിൽ ജില്ലാ കമ്മിറ്റിയിലുള്ള അഞ്ചു പേരെ ഒഴിവാക്കി.
യു പ്രതിഭ എംഎൽഎ, മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രനും മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥും അടക്കം അഞ്ചുപേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്.
എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ, എൻ.ശിവദാസൻ, പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ എന്നീ അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. ശിവദാസനെതിരെ സാമ്പത്തിക ആരോപണം ഉണ്ടായിരുന്നു. തുടർന്ന് കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവര്‍ പ്രായപരിധി കടന്നതിനെതുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയിൽ ഒഴിവാക്കിയത്. 46 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗകമ്മിറ്റിയായിരുന്നു.
മൂന്ന് ദിവസമായി ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
CONTENT HIGHLIGHT: cpm alappuzha district committee