Kerala

നഗ്നദൃശ്യങ്ങൾ കിട്ടിയവരെല്ലാം അത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു | pathanamthitta case special team

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക

പത്തനംതിട്ട: അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡിഐജിക്ക് കൈമാറിയത്.

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. ഇതുവരെ 26 പേരാണ് കേസിൽ അറസ്റ്റിലായത്. 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള 7 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെ പമ്പയില്‍നിന്നാണ് ഇവരിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമല തീര്‍ഥാടനകാലത്തോട് അനുബന്ധിച്ച് പമ്പയില്‍ താത്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍. ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 26 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളും അടുത്തിടെ വിവാഹംകഴിഞ്ഞയാളും ഇതില്‍ ഉള്‍പ്പെടും.

13 വയസ്സുമുതല്‍ പലതവണകളായി 64-ഓളം പേര്‍ പീഡിപ്പിച്ചെന്നായിരുന്നു കായികതാരം കൂടിയായ 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അടുപ്പം സ്ഥാപിച്ച സുബിന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ആദ്യം ചൂഷണംചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്നദൃശ്യങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും പ്രതി കൈക്കലാക്കി. പിന്നാലെ ഈ ദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ കിട്ടിയവര്‍ ഇത് പെണ്‍കുട്ടിക്ക് അയച്ചുനല്‍കി സമ്മര്‍ദത്തിലാക്കി. പിന്നാലെ ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു.

അച്ഛന്റെ സ്മാര്‍ട്‌ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെയായിരുന്നു പ്രതികളെല്ലാം കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഈ ഫോണിലേക്ക് തന്നെയാണ് പ്രതികള്‍ നഗ്നദൃശ്യങ്ങളും അയച്ചുനല്‍കിയത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലടക്കംവെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണംചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം തന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗംചെയ്‌തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഈ ഫോണിലേക്ക് രാത്രികാലങ്ങളില്‍വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളില്‍ 32 പേരുടെ നമ്പരുകള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ സേവ് ചെയ്തതായാണ് വിവരം. കേസിന്റെ ആദ്യഘട്ടത്തില്‍ ഈ 32 പേരും പ്രതികളാകും. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ ശനിയാഴ്ചയും തുടര്‍ന്നു. ആര്, എവിടെവെച്ച് ഉപദ്രവിച്ചു തുടങ്ങിയവിവരങ്ങളാണ് പോലീസ് പ്രധാനമായും ശേഖരിക്കുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന.

പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30) കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30) കൊച്ചുപറമ്പില്‍ കെ. അനന്ദു (21) ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) ഷംനാദ് (20) അഫ്‌സല്‍ (21), ഇയാളുടെ സഹോദരന്‍ ആഷിക്ക് (20) നിധിന്‍ പ്രസാദ് (21) അഭിനവ് (18) കാര്‍ത്തിക്ക് (18) സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി.സുരേഷ് (22), ബിനു കെ.ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും പതിനേഴുകാരനുമാണ് ഇതുവരെ അറസ്റ്റിലായവര്‍.

CONTENT HIGHLIGHT: pathanamthitta case special team