കോട്ടയം: വൈദ്യുതി പണി മുടക്കിയതോടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ യുവദമ്പതികൾ എത്തിയത് ജനറേറ്ററുമായി. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ ആയിരുന്നു സംഭവം. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ ആണ് വെള്ളിയാഴ്ച ജനറേറ്ററുമായി എത്തിയത്.
അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്. ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ സബ് രജിസ്ട്രാർ ഓഫീസിലേക്ക് ജനറേറ്റർ എത്തിച്ചത്.
വൈദ്യുതി വരാൻ ഉച്ച വരെ കാത്തിരുന്ന ശേഷമായിരുന്നു യുവ ദമ്പതികളുടെ നടപടി. പാമ്പാടിയിൽ നിന്നാണ് ദമ്പതികൾ ജനറേറ്റർ എത്തിച്ചത്. ജീവനക്കാരുടെ അടക്കം സമ്മതത്തോടെയായിരുന്നു നടപടി. വൈദ്യുതിബന്ധം പുനസ്ഥാപിച്ച് ജീവനക്കാർ സന്തോഷത്തോടെ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ദമ്പതികൾ അമേരിക്കയ്ക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ ജനറേറ്ററിന്റെ ഫ്യൂസ് ഊരാതെയാണ് ദമ്പതികൾ മടങ്ങിയത്. ഇതോടെ വെള്ളിയാഴ്ച പലവിധ ആവശ്യങ്ങൾക്കായി സബ രജിസ്ട്രാർ ഓഫീസിലെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല. പേപ്പറുകൾ ലഭിച്ചെങ്കിലും എപ്പോഴും ആരും ജനറേറ്റർ എത്തിക്കാനുണ്ടാവാത്തതിനാൽ വൈദ്യുതി മുടക്കം അടക്കമുള്ള മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഓഫിസിൽ എത്തിയവർ പ്രതികരിക്കുന്നത്.
CONTENT HIGHLIGHT: nri couples arrange generator for sub registrar office