ഇംഫാൽ: മണിപ്പുരിലെ കാംജോങ് ജില്ലയിൽ ജനക്കൂട്ടം അസം റൈഫിൾസിന്റെ താൽക്കാലിക ക്യാംപ് തകർത്തതിനു പിന്നാലെ സൈനികർ സ്ഥലമൊഴിഞ്ഞു. ഹോങ്ബേ ഗ്രാമത്തിൽ പ്രവർത്തിച്ചുവന്ന താൽക്കാലിക ക്യാംപിലേക്ക് ശനിയാഴ്ചയാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. കാട്ടുതടി കയറ്റിക്കൊണ്ടുപോയ ലോറി രേഖകളില്ലെന്നതിന്റെ പേരിൽ തടഞ്ഞുവച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ഇന്നലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അസം റൈഫിൾസിന്റെയും തങ്ഖുൽ നാഗാ സിവിൽ സൊസൈറ്റിയുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തർക്കം ഒത്തുതീർപ്പായത്. സ്ഥിതിഗതികൾ ശാന്തമാണെന്നും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, ചുരാചന്ദ്പുർ, തെങ്‌നൗപാൽ ജില്ലകളിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.