നവകേരള യാത്രയും, കേരളീയവും വയനാട് ഉരുള്‍ പൊട്ടലുമെല്ലാം ഞെരുക്കിയ 2024 കടന്നു പോയതിനു പിന്നാലെ 2025ലെ ആദ്യ കടമെടുപ്പിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നാളെ കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. 2500 കോടി രൂപയാണ് കടം എടുക്കുന്നത്. ഈ കടമെടുപ്പ് ബജറ്റ് സമ്മേളം ആരംഭിക്കാനിരിക്കുമ്പോഴാണെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് 2025-26 വര്‍ഷത്തെ സമ്പൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ ബജറ്റ് അവതരിപ്പിക്കണമെങ്കില്‍ കടമെടുക്കേണ്ട സ്ഥിതിയാണുള്ളത് എന്ന കാര്യം വ്യക്തം.
ഈ സഹാചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം എന്തായിരിക്കും. ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ളതാകില്ലേ എന്നാണ് സംശയം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാനോ, ആരംഭിക്കാനോ കഴിയാത്ത അസ്ഥിതിയിലാണ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനാവാത്ത അവസ്ഥയിലാണ് ഓരോ വകുപ്പുകളുടെയും പ്രകടനങ്ങള്‍. ധനവകുപ്പിനോട് കൂടുതല്‍ പണ്ട് ആവശ്യപ്പെടുന്ന കുടുംബ ശ്രീ പോലുള്ള വകുപ്പുകള്‍ക്ക് ഫണ്ട് ഇല്ലെന്ന മറുപടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. 2500 രൂപ കടമെടുക്കുമ്പോള്‍ എന്തൊക്കെയാണ് ധനവകുപ്പിന്റെ കണക്കു കൂട്ടലുകളെന്ന് അറിയാനാകുന്നില്ല. ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവു വരും.
നിയമസഭാ സമ്മേളത്തിനു മുമ്പ് അത്യാവശ്യം കടങ്ങള്‍ തീര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉറപ്പാണ്. ഇതില്‍ സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ കുടിശികയും സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും ഉള്‍പ്പെടുമോ എന്നതാണ് അറിയേണ്ടത്. മാര്‍ച്ച് 31 വരെ എടുക്കാന്‍ അനുവദിച്ചിട്ടുള്ള 5510 കോടിയില്‍ നിന്നാണ് 2500 കോടി കടം എടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇനി കടം എടുക്കാന്‍ അവശേഷിക്കുന്നത് 3010 കോടിയാണ്. മാര്‍ച്ച് വരെ ചെലവ് ക്രമീകരിക്കാന്‍ 17000 കോടിയുടെ വായ്പ അനുമതിക്ക് കേരളം അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. ഡിസംബര്‍ വരെ 23000 കോടിക്കായിരുന്നു അനുമതി എങ്കിലും പല തവണ കേന്ദ്രം പുതുക്കി നല്‍കിയതോടെ 32000 കോടി കേരളം കടമെടുത്തു.
2500 കോടി കൂടി കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം കടം എടുത്ത തുക 34500 കോടിയായി ഉയരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഇറക്കിയിരുന്നു. അതേ അവസരത്തില്‍ ഓരോ വകുപ്പുകളും വരുമാനം ഉയര്‍ത്താന്‍ തങ്ങളുടെ സര്‍വീസുകളുടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയര്‍ത്തിയ വകുപ്പുകള്‍ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ കഴിയുന്നില്ല. 4 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങള്‍ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ആകട്ടെ ഇതുവരെ നല്‍കിയതുമില്ല. കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ നാലാം ഗഡു പെന്‍ഷന്‍കാര്‍ക്കും കൊടുക്കാന്‍ ഉണ്ട്. ഒരു വശത്ത് ആനുകൂല്യങ്ങള്‍ തടഞ്ഞ് വയ്ക്കുക മറുവശത്ത് നിര്‍ബാധം കടം എടുക്കുക എന്ന ശൈലിയാണ് കെ.എന്‍. ബാലഗോപാല്‍ എന്ന ധനമന്ത്രി സ്വീകരിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷം 30038.36 കോടി രൂപയാണ് കടം എടുത്തത്. പൊതുവിപണിയില്‍ നിന്നുള്ള വായ്പ, നബാര്‍ഡ്, ദേശീയ ലഘു സമ്പാദ്യ ഫണ്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള വെയ്സ് ആന്റ് മീന്‍സ് മുന്‍കൂറുകള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പകള്‍ എന്നീ ഇനങ്ങളില്‍ നിന്നാണ് 30038.36 കോടി രൂപയുടെ കടമെടുപ്പ് നടത്തിയത്. 2023-24ല്‍ റവന്യൂ വരുമാനം ലക്ഷ്യമിട്ടത് 1,35,418.67 കോടി ആയിരുന്നു. കിട്ടിയത് ആകട്ടെ 1,22,393.31 കോടിയും. 13025.36 കോടിയുടെ നികുതി ഖജനാവില്‍ എത്തിയില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാവുകയാണ്. നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമായതെന്ന് വ്യക്തം.
ബാറുകളില്‍ നിന്നും സ്വര്‍ണ്ണത്തില്‍ നിന്നും ലഭിക്കേണ്ട നികുതിയുടെ 20 ശതമാനം മാത്രമാണ് സര്‍ക്കാരിന് പിരിക്കാന്‍ സാധിക്കുന്നത്. കേരളത്തില്‍ എത്ര ടണ്‍ സ്വര്‍ണം പ്രതിവര്‍ഷം വില്‍ക്കുന്നുണ്ട്?. എന്ന നിയമസഭ ചോദ്യത്തിന്, തനിക്കറിയില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. നികുതി നിര്‍ണ്ണയങ്ങള്‍ക്കോ, മറ്റ് പരിശോധനകള്‍ക്കോ വിധേയമാകുമ്പോള്‍ മാത്രമാണ് സ്റ്റോക്ക് വിവരങ്ങള്‍ വ്യാപാരികളോട് ആവശ്യപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ എത്ര ടണ്‍ സ്വര്‍ണം വില്‍ക്കപ്പെടുന്നു എന്ന കണക്ക് ലഭ്യമല്ല. സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി നഷ്ടവും നികുതി വകുപ്പിന്റെ പിടിപ്പ് കേടിനെക്കുറിച്ചും 2019 മുതല്‍ ആക്ഷേപം ഉണ്ടായിരുന്നതുമാണ്.
2016 സാമ്പത്തിക വര്‍ഷം സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി വരുമാനം 653 കോടി ആയിരുന്നെങ്കില്‍ ഇന്ന് സ്വര്‍ണ്ണത്തില്‍ നിന്ന് ലഭിക്കുന്ന നികുതി 383 കോടി മാത്രം. വാറ്റ് കാലത്ത് 5000 രജിസ്ട്രേഷന്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 2022-23 വരെ 10,649 പേര്‍ രജിസ്ട്രേഷന്‍ വലയത്തിലുണ്ട്. ജി.ഡി.പിയുടെ 7 ശതമാനം പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ്ണ വ്യവസായത്തില്‍ ഏതാണ്ട് 25 ലക്ഷം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുതും വലുതുമായ 5 ലക്ഷത്തോളം സ്ഥാപനങ്ങള്‍ ഈ വ്യവസായത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ പ്രതിവര്‍ഷം 1000 ടണ്‍ സ്വര്‍ണ്ണം ക്രയവിക്രയം ചെയ്യപ്പെടുമ്പോള്‍ അതിന്റെ 30 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
2016ലെ ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം കേരളത്തിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബാംഗം ശരാശരി 320 ഗ്രാം സ്വര്‍ണ്ണം ധരിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തി ധരിക്കുന്നത് 180 ഗ്രാം മാത്രം. കേരളത്തിന്റെ പ്രതിവര്‍ഷ ഉപഭോഗം 200 മുതല്‍ 300 ടണ്‍ വരെ വരും. എന്നാല്‍ ഈ നടക്കുന്ന കച്ചവടത്തിന്റെ 65 ശതമാനം നികുതി വലക്ക് പുറത്താണ്. സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്ക് പ്രകാരം 2022 -23 ല്‍ സ്വര്‍ണ്ണ കച്ചവടത്തിന്റെ ടേണോവര്‍ കേവലം 101668.96 കോടി മാത്രമാണ്. അതില്‍ 80 ശതമാനം ഓളം വഹിക്കുന്നത് വിരലില്‍ എണ്ണാവുന്ന മുന്‍ നിര കച്ചവടക്കാരും.
ഇതിനു പിന്നാലെയാണ് പൊട്ടിപ്പൊളിഞ്ഞ റിലയന്‍സിന്റെ ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചെന്ന വാര്‍ത്ത പ്രതിപക്ഷം പുറത്തു വിട്ടത്. അതിനെക്കു റിച്ച് ധനമന്ത്രി പറഞ്ഞത്, ബിസിനസില്‍ ലാഭവും നഷ്ടവും വരും എന്നാണ്. അനില്‍ അംബാനിയുടെ ബാങ്കില്‍ നിക്ഷേപിച്ച തുകയ്ക്ക് മുതലുമില്ല പലിശയുമില്ലാത്ത അവസ്ഥയാണ്. 60.80 കോടിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി നിക്ഷേപിച്ചത്. 2018-19 വാര്‍ഷിക റിപ്പോര്‍ട്ടില്‍ അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് മറച്ച് വച്ചു. Term Deposit with Bank and NCD Rs 6080 lakhs എന്നാണ് 2018-19 വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും കമ്പനിയുടെ പേര് മറച്ച് വച്ചു. കമ്പനി 2019 ല്‍ ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി തിരിച്ചു കിട്ടിയതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ഇല്ല. പലിശ ഉള്‍പ്പെടെ 100 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.
ഈ നിയമസഭാ സമ്മേളനത്തില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്. എന്നിട്ടും, വിലക്കയറ്റം തടയാനോ, പദ്ധതി നിര്‍വഹണത്തിനോ ചെലവഴിക്കാതിരിക്കുകയാണ്. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഇതെല്ലാം ആയയുധമാക്കും. നാളെ കടമെടുക്കാന്‍ പോകുന്ന തുക എന്തിനൊക്കെ ചെലവഴിക്കുമെന്ന് കണ്ടറിയാം.
CONTENT HIGH LIGHTS; ayyo!! Borrowing Again: First Borrowing of New Year Rs 2,500 Crore; The financial crisis was at the time of the budget session; Govinda all welfare pension employees shortage allowance