റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് മരിച്ചത്. ഇന്ത്യന്‍ എംബസി യുവാവിന്റെ മരണം സ്ഥിരീകരിച്ചു. ഉക്രൈന്റെ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതമായി പരിക്കേറ്റിരുന്നു. റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന യുവാക്കളെ നാട്ടില്‍ തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ബിനില്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കുന്നത്.
നേരത്തെ ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ ജെയിന്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഉക്രൈന്റെ ഷെല്ലാക്രമണത്തില്‍ ജെയ്നിനും ഗുരുതമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവാവ് ഉക്രൈനിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ഞായറാഴ്ച്ച) ജെയിനിനെ തിരികെ മോസ്‌കോയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടത് കണക്കിലെടുത്ത് ജെയിനിനെ മോസ്‌കോയിൽ എത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജെയിന്‍ കുടുംബവുമായി ബന്ധപ്പെട്ടത്. ജെയിന്‍ മോസ്‌കോയിലെത്തിയ വിവരം പുറത്തുവന്നതോടെ ബിനിലിന്റെ കുടുംബം ജെയിനുമായി ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ ആക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമേ അറിയുള്ളുവെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിനിൽ മരിച്ചെന്ന വിവരം സ്ഥിരീകരിക്കുന്നത്.