യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്. അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
അമേരിക്കയിൽ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കിൽ അത് പിണറായി വിജയൻ ചെയ്തതാണെന്ന് പിവി അൻവര്‍ പറയുമായിരുന്നു. പിവി അൻവർ പറയുന്നതെല്ലാം പതിരാണ്. ഇതൊന്നും എൽഡിഎഫിന്റെ ജനങ്ങളുടെ പിന്തുണയേയും അടിത്തറയും ഇല്ലാതാക്കാൻ പോന്നതല്ല. പറയുന്നവർക്ക് പറയാം. ഇതെല്ലാം ഇതുവരെ പറഞ്ഞതിന്‍റെ ആവര്‍ത്തനമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ നിര്‍ണായകമാകുക രാഷ്ട്രീയ ഘടകങ്ങളാണ്. നിലമ്പൂരിൽ അൻവറിന്‍റെ മികവുകൊണ്ട് മാത്രം ഇടതുപക്ഷം ജയിച്ചു എന്ന് കരുതണ്ട ഇത് രാഷ്ട്രീയമാണ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടും. എൽഡിഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി അവിടെ മത്സരിക്കും അയാൾ അവിടെ ജയിക്കുകയും ചെയ്യും.
യുഡിഎഫ് കൈകാര്യം ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വടക്കേ ഇന്ത്യയിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. ചെറിയൊരു രാഷ്ട്രീയ ലാഭത്തിനുവേണ്ടി വളരെ മോശപ്പെട്ട പ്രവർത്തനങ്ങളാണ് യു ഡി എഫ് നടത്തുന്നത്. വർഗീയതയ്ക്ക് കീഴടങ്ങാൻ അല്ലാതെ നട്ടെല്ല് ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ ഒരു കോൺഗ്രസുകാരനും എങ്കിലും കഴിയുമോ? അൻവറിന്റെ മാറ്റം യുഡിഎഫിലേക്ക് പോകാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേയെന്നും എ വിജയരാഘവൻ ചോദിച്ചു.