Science

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് താഴേക്കു വീണ ലോഹവളയം; ആശങ്കയായി മുകുകു | kenya-space-agency-investigating-a-500kg-separation-ring-crash-in-mukuku-village

മക്കൗനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് ഈ കൂറ്റന്‍ ലോഹഭാഗം പതിച്ചത്

ബോംബ് പൊട്ടുന്നതുപോലെയോ വലിയ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയോ ഉള്ള ശബ്ദമാണ് കേട്ടതെന്നാണ് റോക്കറ്റിന്റേതെന്നു കരുതപ്പെടുന്ന ഭാഗം നിലംപതിച്ച വടക്കന്‍ കെനിയയിലെ മുകുകു ഗ്രാമവാസി പറയുന്നത്. ചുട്ടുപഴുത്താണ് ഭൂമിയിൽ പതിച്ച വളയം കിടന്നത്, 2 മണിക്കൂറോളം സമയം കഴിഞ്ഞാണ് ആളുകൾക്ക് ആ വളയത്തിനു സമീപമെത്താൻ കഴിഞ്ഞത്.ഏകദേശം 500 കിലോഗ്രാം ഭാരമുണ്ടെന്ന് കരുതപ്പെടുന്ന ഈ ലോഹഭാഗം ഡിസംബർ 30ന് ആകാശത്തു നിന്നും താഴേക്കു വീണത്. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി കെനിയയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ കെഎസ്എ തന്നെ രംഗത്തെത്തുകയും ചെയ്തു.ഏകദേശം എട്ട് അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ലോഹഭാഗമാണ് കെനിയന്‍ ഗ്രാമത്തില്‍ വീണത്. മക്കൗനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് ഈ കൂറ്റന്‍ ലോഹഭാഗം പതിച്ചത്.

റോക്കറ്റിന്റെ സെപരേഷന്‍ റിങാണ് ഇതെന്ന സാധ്യതയാണ് കെനിയന്‍ ബഹിരാകാശ ഏജന്‍സി പങ്കുവെച്ചത്. സ്‌പേസ്‌ക്രാഫ്റ്റുകളുടെ ഭാഗമായ സെപരേഷന്‍ റിങുകള്‍ സാധാരണ റോക്കറ്റിന്റെ നിശ്ചിത ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ താഴെ ഭൂമിയിലേക്കു വീഴുകയാണ് പതിവ്. ഭൂരിഭാഗം സമയത്തും ആകാശത്തു വെച്ചു തന്നെ എരിഞ്ഞു തീരുന്ന ഇത്തരം ഭാഗങ്ങള്‍ സമുദ്രത്തില്‍ പതിക്കാറുമുണ്ട്. അത്യപൂര്‍വമായി മാത്രമേ റോക്കറ്റിന്റെയോ ബഹിരാകാശ പേടകങ്ങളുടേയോ ഭാഗങ്ങള്‍ മനുഷ്യവാസ മേഖലയില്‍ പതിക്കാറുള്ളൂ. വീണപ്പോൾ ആർക്കും പരിക്കേറ്റില്ല, എന്നാൽ അപകടത്തിന്റെ ആഘാതം സമീപത്തെ വീടുകൾക്ക് നാശനഷ്ടം വരുത്തിയതായി മുകുകുവിൽ ചിലർ പരാതിപ്പെടാൻ തുടങ്ങി. പിന്നീട് കെനിയ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളിൽ ലോഹ വളയത്തിന് അത് കണ്ടെത്തിയ പ്രദേശത്തേക്കാൾ ഉയർന്ന റേഡിയേഷൻ നിലയുണ്ടെങ്കിലും അവ മനുഷ്യർക്ക് ഹാനികരമായ തലത്തിൽ ആയിരുന്നില്ലെന്നും കണ്ടെത്തി.

ഇത് ആദ്യമായല്ല ബഹിരാകാശത്തു നിന്നും മനുഷ്യ നിര്‍മിത വസ്തുക്കള്‍ ഭൂമിയിലേക്കു പതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഒരു സാറ്റലൈറ്റ് ഭൂമിയില്‍ പതിച്ചിരുന്നു. ഏകദേശം 2,500 കിലോഗ്രാം ഭാരമുള്ളതായിരുന്നു ഈ സാറ്റലൈറ്റ്. വടക്കന്‍ പസഫിക് സമുദ്രത്തില്‍ അലാസ്‌കക്കും ഹവായ് ദ്വീപിനും ഇടക്കാണ് ഈ നിയന്ത്രണം നഷ്ടമായ സാറ്റലൈറ്റ് പതിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു കുടുംബം തങ്ങളുടെ വീടിന് ബഹിരാകാശ വസ്തുക്കള്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ചെന്ന് ആരോപിച്ച് നാസക്കെതിരെ നിയമനടപടി സ്വീകരിച്ചത്.ബഹിരാകാശ മാലിന്യം അതിരു കവിയുകയാണെന്ന ആശങ്ക നേരത്തെ തന്നെ ഗവേഷകര്‍ക്കും പരിസ്ഥിതി പ്രേമികള്‍ക്കുമിടയില്‍ ശക്തമാണ്. ബഹിരാകാശ മാലിന്യം അനിയന്ത്രിതമായി മാറുന്ന ‘കെസ്ലര്‍ സിന്‍ഡ്രോം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തുകയാണെന്നാണ് ആശങ്ക.

നാസയിലെ ശാസ്ത്രജ്ഞനായിരുന്ന ഡൊണാള്‍ഡ് ജെ കെസ്ലറാണ് 1978ല്‍ ഇങ്ങനെയൊരു സാധ്യത ആദ്യം ഉന്നയിച്ചത്. ബഹിരാകാശ മാലിന്യങ്ങള്‍ അനിയന്ത്രിതമാവുന്നതോടെ സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറാവുമെന്നും ഭൂമിയില്‍ നിന്നും പുറത്തേക്കു പോവുന്ന റോക്കറ്റുകള്‍ക്കു പോലും സുരക്ഷാ ഭീഷണിയാവുമെന്നുമാണ് കെസ്ലര്‍ സിന്‍ഡ്രോം കണക്കുകൂട്ടുന്നത്. ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങളുള്ള ഭൂമിയോടു ചേര്‍ന്നുള്ള ഭ്രമണപഥം ലോകത്തെ തന്നെ ഏറ്റവും വലിയ മാലിന്യ കൂമ്പാരമായി മാറുന്നുവെന്ന ആശങ്കയും സജീവമാണ്. നാസയുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ തന്നെ ഈ പ്രദേശത്ത് 6,000 ടണ്‍(60 ലക്ഷം കിലോഗ്രാം) ഭാരമുള്ള ബഹിരാകാശ മാലിന്യങ്ങളുണ്ട്.

STORY HIGHLIGHTS: kenya-space-agency-investigating-a-500kg-separation-ring-crash-in-mukuku-village