Health

പുറത്ത് കുരുക്കളും പാടുകളും ഉണ്ടോ ? ഇതാ പരിഹാര മാർ​ഗം

മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പല ഭാ​ഗങ്ങളിലായി കുരുക്കൾ കാണപ്പെടാറുണ്ട്. അതിൽ ഏറ്റവും അസഹനീയമാകുന്നത് പുറത്തെ കുരുക്കളാണ്. ഇവ എത്രത്തോളം ഉണ്ടെന്ന് സ്വയം കാണാൻ കഴിയില്ല. അതിനാൽ തന്നെ പല വസ്ത്രങ്ങൾ ധരിക്കുമ്പോഴും ഇത് ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ പോലും കെടുത്തും. പുറംഭാഗത്തും കഴുത്തിന് പിന്നിലും പുറത്തും എല്ലാം ഇത്തരത്തിലുള്ള കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും എണ്ണയുടെ അമിത ഉൽപാദനം, ബാക്ടീരിയ ശേഖരണം, എണ്ണ ഉൽപ്പാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥികളുടെ പ്രകോപനം എന്നിവയാണ് ഇത്തരം കുരുക്കൾ‌ ഉടലെടുക്കാൻ കാരണമാകുന്നത്. വേനൽക്കാലത്തും ഇത്തരം കുരുക്കൾ കൂടുതലായി കാണപ്പെടാറുണ്ട്. ഇവ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. എന്നാൽ പുറത്താണ് ഉള്ളതെങ്കിൽ കയ്യെത്തി ചൊറിയാൻ പോലും കഴിയാതെ പലർക്കും വലിയ അസ്വസ്ഥതയാണ് ഇത്തരം കുരുക്കൾ സൃഷ്ടിക്കുന്നത്. ഇതിനുള്ള പരിഹാര മാർ​ഗങ്ങൾ എന്താണെന്ന് നോക്കാം.

1. രണ്ട് ടേബിൾ സ്പൂൺ തേനിൽ ഒരു സ്പൂൺ പൊടിച്ച കറുവാപട്ട ചേർക്കുക. ഈ മിശ്രിതം കുരുക്കളിൽ തേച്ച ശേഷം. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

2. കുരുവിന്റെ പാടുകൾ പോലും ശരീരത്തിൽ ഇല്ലാതെ പ്രതിരോധിക്കാൻ എന്തുകൊണ്ടും നല്ല ഒന്നാണ് ടീ ട്രീ ഓയിൽ. കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകുന്ന, ചർമ സുഷിരങ്ങളില്‍ രൂപപ്പെടുന്ന ബാക്ടീരിയകളെ കൊല്ലാൻ ടീ ട്രീ ഓയിൽ സഹായിക്കും. ടീ ട്രീ ഓയിൽ നേരിട്ട് ശരീരത്തിൽ പുരട്ടാതെ വെള്ളത്തിൽ കലർത്തിയ ശേഷം ഉപയോ​ഗിക്കാം. ടീ ട്രീ ഓയില്‍ പ്രത്യേകമായി വാങ്ങി കാരിയര്‍ ഓയിലില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് നല്ല ഫലം നല്‍കും. അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ ധാരാളമായി അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ടീ ട്രീ ഓയില്‍ അടങ്ങിയ ചില ബോഡി വാഷുകളും ഈ പ്രശ്നമുള്ളവര്‍ക്ക് ഉപയോഗിക്കാം.

3. ആഴ്ചയിൽ ഒരിക്കൽ AHA/BHA അടങ്ങിയ കെമിക്കൽ എക്സ്‌ഫോളിയേറ്റർ ഉപയോ​ഗിക്കുക. ഇത്തരം ബോഡിവാഷുകൾ ഇപ്പോളഅ‍ മാർക്കറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ ശരീരത്തെ സ്വയം എക്സ്‌ഫോളിയേറ്റ് ചെയ്യുക. അല്പം പരുത്ത പ്രതലമുള്ള ബ്രഷ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ വീട്ടിൽ തന്നെ സ്ക്രബ് തയ്യാറാക്കാം. പഞ്ചസാരയും തേനും തുല്യ അളവില്‍ ചേർത്ത് നല്ലൊരു ബോഡി സ്‌ക്രബ് തയ്യാറാക്കി ചര്‍മത്തില്‍ പുരട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം. എന്നാല്‍ നിലവില്‍ കുരുക്കള്‍ ഉള്ള ചര്‍മത്തില്‍ ഒരിയ്ക്കലും ഇത് ഉപയോ​ഗിക്കരുത്, അത് ​ഗുണത്തേക്കാൾ ദോഷം ചെയ്യും.

4. ക്രീമകളും മറ്റും ഉപയോ​ഗിച്ചാൽ മാത്രം പരിഹാരമാകില്ല. ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വേണം. ഉയർന്ന അളവില്‍ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും കുരുക്കളുണ്ടാകുന്നതിനു കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ സെബം ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കും. ചർമത്തിന്റെ ആരോ​ഗ്യം ഉയർത്താൻ ധാന്യങ്ങളും, പയര്‍ വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സിങ്ക് സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

5. മറ്റൊരു പ്രധാന കാര്യം വ്യക്തി ശുചിത്വമാണ്. ദിവസവും രണ്ടുനേരം ശരീരം കുളിക്കാൻ ശ്രദ്ധിക്കുക. പുറത്തുപോയി വന്നാൽ ശരീരം കുളിക്കുന്ന കാര്യം ഒരിക്കലും മറക്കരുത്. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. സമ്മർദം കുറയ്ക്കുക.