Health

കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് ! എന്നാൽ അങ്ങനെ ഒഴിവാക്കല്ലേ… ​ഇത് കൂടി അറിയൂ

ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാൻ ഒരുപാട് കാലങ്ങളായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ നേരമാകുമ്പോൾ പലരും കറിവേപ്പിലയെ അരികിലേക്ക് മാറ്റിവെയ്ക്കും. മലയാളികൾക്ക് പാചകത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പിലയെങ്കിലും കഴിക്കാൻ നേരം കറിവേപ്പിലയെ ആരും മൈൻഡ് പോലും ചെയ്യാറില്ല. എന്നാൽ അങ്ങനെ ഒഴിവാക്കി കളയേണ്ട ഒന്നല്ല കറിവേപ്പില. ഇതിന്റെ ​ഗുണങ്ങൾ നിരവധിയാണ്. അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ബെസ്റ്റാണ് കറിവേപ്പിലകൾ.

ശരീരം അമിതമായി വണ്ണം വെക്കുന്നു. ജിമ്മും ഡയറ്റും ഒന്നും ഫലിക്കുന്നില്ല എങ്കിൽ പോലും കറിവേപ്പില പരീക്ഷിച്ചാൽ ഫലം ഉറപ്പാണ്. മെറ്റബോളിസത്തെ വര്‍ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്. അത് മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ ഇല്ലാതാക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണങ്ങളെല്ലാം തന്നെ ശരീരത്തിന് നല്‍കുന്നത്. ഇത് വഴി ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിക് ആരോഗ്യം മികച്ചതാവുകയും അത് വണ്ണം കുറയ്ക്കൽ എളുപ്പമാക്കുകയും ചെയ്യുന്നു.

വൈറ്റമിൻ എ, ബി, സി, ഡി, കാൽസ്യം, അയൺ, ഫോസ്‌ഫറസ്‌ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്‌ കറിവേപ്പില. ദഹനാരോഗ്യത്തെയാണ് ആദ്യം കറിവേപ്പില സ്വാധീനിക്കുന്നത്. ഇത് പതിയേ ശരീരഭാരം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു. പതിവായി കറിവേപ്പില കഴിക്കുന്ന ഒരു വ്യക്തിയെ ​ഗ്യാസ് പ്രശ്നങ്ങൾ അലട്ടില്ല. റിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും ശരീരഭാരത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലും കറിവേപ്പില മികച്ച പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യ ഗുണം വർധിപ്പിക്കാൻ ദിവസേന അഞ്ചോ പത്തോ ഫ്രഷ് കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികൾ വെറും വയറ്റിൽ ഫ്രഷ് കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും ഗുണം ചെയ്യും.

കേശ സൗന്ദര്യം സംരക്ഷിക്കാനും ബെസറ്റാണ് കറിവേപ്പില. പ്രോട്ടീനും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുള്ളതിനാൽ ദിവസവും കറിവേപ്പില കഴിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും. മുടികൊഴിച്ചിൽ തടയാനും മുടിയ്ക്ക് ബലം നൽകാനും കറുപ്പ് നിറം വർധിപ്പിക്കാനും കറിവേപ്പില സഹായിക്കും. കറിവേപ്പിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പില തേനിൽ ചേർത്ത് നാലോ അഞ്ചോ ദിവസം തുടർച്ചയായി രണ്ടു നേരം കഴിച്ചാൽ മലബന്ധം തടയാൻ സഹായിക്കും.