Entertainment

‘ഈ സൈസ് പോരാ, ഇനിയും വലുതാക്കണം’; നടിക്കെതിരെ അശ്ലീല പരാമർശം , വിവാദത്തിന് പിന്നാലെ മാപ്പ് അപേക്ഷ

തെലുങ്ക് നടി അൻഷുവിനെതിരെയാണ് സംവിധായകൻ ത്രിനാഥ റാവു നക്കിന പൊതുവേദിയിൽ വെച്ച് അശ്ലീല പരാമർശം നടത്തിയത്. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കൃഷ്ണനും റിതു വര്‍മയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ഇതിനിടയിലാണ് നടിക്കെതിരെ സംവിധായകൻ അധിക്ഷേപ പരാമർശം ഉന്നയിച്ചത്. അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടു വന്നതിനെ കുറിച്ച് ത്രിനാഥ റാവു സംസാരിക്കുന്നതിനിടെയായിരുന്നു മോശം പരാമർശം. തെലുങ്ക് സിനിമയ്ക്ക് ഈ സൈസ് പോരാ.. സൈസ് കുറച്ച് കൂടി വലുതാകണം എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.

ത്രിനാഥ റാവുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘അൻഷുവിന്റെ സൗന്ദര്യം എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അൻഷുവിന്റെ സൗന്ദര്യം കാണണമെങ്കിൽ മൻമദുഡു എന്ന നാഗാർജുന ചിത്രം കണ്ടാൽ മതി. അവൾക്ക് വേണ്ടി മാത്രം പലതവണ ഞാൻ ആ സിനിമ കണ്ടിട്ടുണ്ട്. എന്നാൽ അന്നുണ്ടായിരുന്നത് പോലെയല്ല ഇന്ന് അൻഷുവിനെ കാണാൻ. നല്ല ഭക്ഷണം കഴിച്ച് അൽപം കൂടി സൈസ് വെക്കാൻ ഞാൻ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഈ സൈസ് പോരാ.. സൈസ് കുറച്ച് കൂടി വലുതാകണം എന്ന് അൻഷുവിനോട് പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ അൻഷു നന്നായി മാറി. ഇനിയും മെച്ചപ്പെടും.’ എന്നിങ്ങനെയായിരുന്നു വിവാദ പരാമർശം.

ടീസര്‍ ലോഞ്ചിന്റെ ഈ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ ത്രിനാഥ റാവുവിനെതിരെ രൂക്ഷ വിമർശനമുയർന്നു. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്ന് പലരും സോഷ്യൽമീഡിയയിൽ കുറിച്ചു. നേരത്തെയും സംവിധായകൻ ഒരു വിവാദത്തിൽപെട്ടിരുന്നു. നടി പായല്‍ രാധാകൃഷ്ണനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതായിരുന്നു അന്നത്തെ വിവാദങ്ങൾക്ക് കാരണം. എന്തായാലും വിവാദം ശക്തമായതിന് പിന്നാലെ സംവിധായകൻ മാപ്പ് അപേക്ഷിച്ച് രം​ഗത്ത് എത്തി.

Latest News