തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും.
മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.
ദിവസങ്ങൾക്ക് മുമ്പാണ് വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള അഭ്യർത്ഥനയ്‌ക്ക് പിന്നാലെയാണ് കേന്ദ്രം അംഗീകാരം നൽകിയത്. എന്നാൽ, കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ കത്തിൽ പറഞ്ഞിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. ഇക്കാര്യം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാൽ എസ്‌ഡിആർ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള 23 എംപിമാർ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് വയനാടിന് ഉടൻ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനുണ്ടാകുമെന്ന മറുപടി ലഭിച്ചിരുന്നു. ആവശ്യം അടുത്ത ബഡ്‌ജറ്റിൽ ഉൾപ്പെടുത്തണമെന്നും കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച യാതൊരു സൂചനയും കത്തിൽ ഉണ്ടായിരുന്നില്ല.
CONTENT HIGHLIGHT: government decided treated missing persons will be as dead