തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജി (33) ആണ് വീട്ടിലെ ഹാളില്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ വൈകുന്നേരം കണ്ടത്. അഞ്ചരയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് മരിച്ച ഷിജി കുറച്ച് നാളായി തമിഴ്‌നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടക്കുകയാണ്. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രങ്കനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
CONTENT HIGHLIGHT: woman kaniyapuram case