World

ഗസ്സയിലെ വെടിനിർത്തൽ; കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്; ശുഭപ്രതീക്ഷയോടെ ഗാസ

ജറുസലം: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ. കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണു കരടുരേഖയായത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷെറീൻ ഹസ്‌കൽ. ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മധ്യസ്ഥം വഹിക്കുന്ന ഖത്തർ. ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് കരട് കരാറിലെ നിർദ്ദേശമെന്നാണ് വിവരം.

ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും. ചർച്ചയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അന്തിമ പദ്ധതിയ്ക്ക് ഇസ്രയേലി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട്. ബന്ദികളെ കൈമാറുന്നതിലും, സേനാ പിന്മാറ്റത്തിനുമാണ് കരാറിന്റെ കരട് നിർദേശം. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾ ഏറെ നാളായി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഖത്തറിൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്.

യുദ്ധം തുടങ്ങി 15 മാസം പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാറിൽ തീരുമാനമാകുന്നത്. രാജ്യാന്തര സമൂഹത്തിന്റെ മേൽനോട്ടത്തിൽ ​ഗസ്സയുടെ പുനർനിർമാണവും കരാറിൽ പറയുന്നത്. മൂന്ന് ഘട്ടമായി ആകും വെടിനിർത്തൽ നടപ്പാക്കുക. 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 2023 നവംബറിൽ നടപ്പാക്കിയ വെടിനിർത്തൽ ഇടവേളയ്ക്കിടെ അതിൽ 80 പേരെ മോചിപ്പിച്ചിരുന്നു.