Ernakulam

അമൃതയിൽ ‘ഡിജിറ്റൽ ഡെന്റിസ്ട്രി സെന്റർ’ പ്രവർത്തനമാരംഭിച്ചു

ഡെന്റൽ വിദ്യാഭ്യാസ രംഗത്ത് പുതിയ സാങ്കേതിക  മുന്നേറ്റത്തിന് തുടക്കം കുറിച്ച് അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ പ്രോസ്തോഡോണ്ടിക്സ്  വിഭാഗത്തിൽ ഡിജിറ്റൽ ഡെന്റിസ്ട്രി സെന്റർ പ്രവർത്തനമാരംഭിച്ചു.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടു കൂടിയ ക്യാഡ് – ക്യാം (കമ്പ്യൂട്ടർ എയ്ഡഡ്  ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് )  ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംങും, എക്സ്റ്റെൻഡഡ് റിയാലിറ്റിയും  പ്രയോജനപ്പെടുത്തുന്ന ഈ നൂതന പരിശീലന കേന്ദ്രം ഡെന്റൽ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ആദ്യത്തേതാണ്.

ദന്ത പ്രോസ്തെസിസുകളുടെ നിർമ്മാണത്തിൽ പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യ  ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കൃത്യതയും വേഗതയും ഉറപ്പുവരുത്താൻ സാധിക്കുന്നു. രോഗികൾക്ക് മികച്ച ചികിത്സാ ഫലങ്ങൾ നൽകുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പുതിയ    പഠനാവസരങ്ങളാണ് ഈ മേഖലയിൽ ഒരുങ്ങുന്നത്.

അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ. കെ. എസ്. രാധാകൃഷ്ണൻ  ഡിജിറ്റൽ ഡെന്റിസ്ട്രി സെന്ററിന്റെ ഉൽഘാടനം നിർവഹിച്ചു . മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ   ഡോ. പ്രേം നായർ, അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രി  പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ,  ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. രൂപേഷ് എൽ, ഡോ. നാരായണൻ ഉണ്ണി, ഡോ. രാകേഷ് എസ്, ഡോ. മഞ്ജു  വി, ഡോ. സുബ്രഹ്മാണ്യ അയ്യർ, ഡോ. പ്രമോദ് സുഭാഷ്, ഡോ. മഹേഷ്  കെ, ഡോ. എം. ശിവ ശങ്കർ എന്നിവർ ചടങ്ങിൽ  സംസാരിച്ചു

ദന്തചികിത്സാ പഠനത്തോടൊപ്പം  ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലും  പരിശീലനം നേടുന്നതിലൂടെ ഡിജിറ്റൽ ഡെന്റിസ്ട്രിയിലെ  ഭാവി സാധ്യതകൾ  പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾക്ക് സാധിക്കുമെന്ന് പ്രോസ്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. മഞ്ജു വി പറഞ്ഞു. ഡെന്റൽ കോസ്മെറ്റിക് ചികിത്സയിലും ഇംപ്ലാന്റുകൾ ഉപയോഗിച്ചുള്ള  ദന്ത പുനസ്ഥാപനത്തിലും കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്താൻ അതിനൂതന ക്യാഡ്- ക്യാം സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ഡോ. മഞ്ജു വിശദമാക്കി.

ത്രീഡി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ സമന്വയിക്കുന്ന ‘അമൃത ത്രീഡിയോളജി’ ലാബുമായി സഹകരിച്ച് വിപുലമായ പരിശീലന പരിപാടി ഉടൻ ആരംഭിക്കും. ഈ പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ  സിർകോണിയവും ടൈറ്റാനിയവും ഉൾപ്പെടെയുള്ള പ്രോസ്തോഡോണ്ടിക്  സാമഗ്രികളുടെ കൃത്യതയോടെയുള്ള  നിർമ്മാണം എളുപ്പമാകും. മൾട്ടി-യൂണിറ്റ് സിർകോണിയ, ടൈറ്റാനിയം, വാക്സ് , ഗ്രാഫീൻ  എന്നിവയുടെ  രൂപീകരണവും  പുനർനിർമാണ പ്ലേറ്റുകൾ, കാസ്റ്റ് പാർഷ്യൽ ഫ്രെയിംവർക്കുകൾ തുടങ്ങിയവയുടെ നിർമ്മാണവും കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കും.