Video

പാലക്കാട് ആശങ്കയുണ്ടായിരുന്നില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലായില്ലേ എന്ന് കുഞ്ഞാലിക്കുട്ടി

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല എന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎം നിർത്തിയ ഇടത് സ്വതന്ത്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നില്ല എന്ന കാര്യം നിങ്ങൾക്ക് മനസിലായില്ലേ എന്നും മാധ്യമങ്ങളോട് കുഞ്ഞാലിക്കുട്ടി ചോദിച്ചു. പി.വി.അൻവറിന്റെ രാജിയോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ, നിലമ്പൂരിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. അതേ സമയം അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അൻവർ വിഷയം ചർച്ചകളിലൂടെ ആലോചിച്ച് തീരുമാനിക്കുമെന്നും ഒന്നും അനന്തമായി നീണ്ടുപോകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് സ്പീക്കര്‍ എ.എന്‍ ഷംസീറിന് കൈമാറിയത്. ഇതിന് പിന്നാലെ അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്തതായി തൃണമൂല്‍ അറിയിക്കുകയും ചെയ്തിരുന്നു.

സമസ്ത-ലീ​ഗ് പ്രശ്നത്തിലെ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അതെല്ലാം ജനങ്ങൾക്ക് കേട്ട് മടുത്തു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

Latest News