Kerala

പത്തനംതിട്ട പീഡനം; 2 പേർകൂടി അറസ്റ്റിൽ

പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിൽ. അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്.

പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.

അടൂർ സിജെഎം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. പൊലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.

ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്. അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.