Kerala

ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം; മന്ത്രിയുടെ നിർദ്ദേശപ്രകാരം വിദഗ്ധസംഘമെത്തി

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി കുട്ടിയെ സന്ദ‍ർശിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. വി.എച്ച്. ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വൈകുന്നേരം കുഞ്ഞിനെ സന്ദര്‍ശിച്ചത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് സംഘമെത്തിയത്. എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിന്ദു ജി.എസ്, പീഡിയാട്രിക് ഇന്റന്‍സ്റ്റിവിസ്റ്റ് ഡോ. ബിന്ദുഷ, സ്റ്റേറ്റ് ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. ഇവര്‍ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് തുടര്‍ചികിത്സ നിശ്ചയിച്ചു. കുഞ്ഞിന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്.