ജറുസലം: ദോഹ സമാധാനചർച്ച അന്തിമഘട്ടത്തിലെന്ന റിപ്പോർട്ടുകൾക്കിടെ, ഗാസയിൽ ഇസ്രയേൽ തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിൽ 62 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ അന്തിമധാരണ ഇന്നാകുമെന്നും ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നുമാണു ദോഹയിൽനിന്നുള്ള സൂചന. തിങ്കളാഴ്ചയാണു ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.
കരാർ കരടുരേഖ ഹമാസ് അംഗീകരിച്ചുവെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഹമാസിന്റെ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചത്. വെടിനിർത്തലിനുശേഷം സൈന്യത്തിന്റെ പിന്മാറ്റം വ്യക്തമാക്കുന്ന മാപ് ഇസ്രയേലിൽനിന്നു ലഭിക്കാൻ കാത്തിരിക്കുകയാണെന്നും അതിനുശേഷമേ പ്രതികരണം അറിയിക്കൂ എന്നുമാണു ഹമാസ് കേന്ദ്രങ്ങൾ ഇന്നലെ പറഞ്ഞത്. കരാർ അംഗീകരിക്കാൻ ഇസ്രയേലിനോടും ഹമാസിനോടും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി അഭ്യർഥിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 46,707 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,10,265 പേർക്കു പരുക്കേറ്റു.