Kerala

പുൽപ്പള്ളിയിൽ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിൽ

കൽപ്പറ്റ: കഴിഞ്ഞ 10 ദിവസമായി പുൽപള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു.

വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് അൽപം മുമ്പ് കടുവ കെണിയിൽ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ പചാടിയിലേക്ക് മാറ്റും. ഹോസ്പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്ന നാട്ടുകാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ അവരെ തേടിയെത്തിയത്.

ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ 5 ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.