Celebrities

അച്ഛന്റെ പാത പിൻതുടർന്ന് മകനും; കാർ റേസിൽ പങ്കെടുത്ത് ഒന്നാമനായി അജിത്തിന്റെ മകൻ | ajith son is also a car racing enthusiast

അച്ഛന്റെ പാത പിന്തുടർന്ന് ഉയർന്ന് വരാൻ താരപുത്രന് ആശംസകൾ നേർന്ന് ആരാധകരും എത്തി

തെന്നിന്ത്യൻ സിനിമാ ലോകത്ത് തലയെന്ന് അറിയപ്പെടുന്ന താരമാണ് അജിത്ത്. അഭിനയം പോലെ തന്നെ യാത്രകളേയും വാഹനങ്ങളേയും പ്രേമിക്കുന്ന അജിത്ത് ഒരു പ്രൊഫഷണൽ ബൈക്ക് റേസറാണ്. സിനിമകളിൽ നിന്നുമുള്ള വീഡിയോകൾ ഏറ്റെടുക്കുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ റേസിങ് വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റശേഷം ബൈക്ക് റേസിങ് വിട്ട താരം കാർ റേസിങ്ങിൽ ശ്രദ്ധ കൊടുത്ത് അഗ്രഗണ്യനായി. 2004 ബ്രിട്ടീഷ് ഫോർമുല 2 സീസൺ, ജർമനി, മലേഷ്യ ഫോർമുല ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കുകയുണ്ടായി. ഫോട്ടോഗ്രഫിയും അദ്ദേഹത്തിന് പാഷനാണ്. ഷൂട്ടിംഗിൽ തമിഴ്നാടിന് വേണ്ടി മത്സരിച്ച് സ്വര്‍ണ്ണമെഡലുകള്‍ നേടിയിട്ടുമുണ്ട് അദ്ദേഹം. ഇപ്പോഴും യാത്രകൾ തന്നെയാണ് അജിത്തിന്റെ പ്രധാന വിനോദം.

വിദേശ രാജ്യങ്ങളിൽ അടക്കം ബൈക്കിൽ ദീർഘദൂര യാത്രകൾ താരം നടത്താറുണ്ട്. കുറച്ച് ദിവസം മുമ്പ് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ പങ്കെടുത്ത് അജിത്തിന്റെ സംഘം മൂന്നാമതായി ഫിനിഷ് ചെയ്തിരുന്നു. പതിമൂന്ന് വർഷങ്ങൾക്കുശേഷമാണ് അജിത്ത് റേസിങ് മത്സരത്തിൽ പങ്കെടുത്തത് എന്നതുകൊണ്ട് തന്നെ സെലിബ്രിറ്റികൾ അടക്കം എല്ലാവരും നടന്റെ വിജയം ആ​ഘോഷിച്ചിരുന്നു.

മത്സരത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നടന്ന പരിശീലനത്തിൽ നടന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. ആ അപകടത്തിന്റെ വീഡിയോയും വൈറലായിരുന്നു. അജിത്ത് ആരാധകരെല്ലാം നടനെ കാണാനും പ്രോത്സാഹിപ്പിക്കാനുമായി റേസിങ് കാണാൻ എത്തിയിരുന്നു.

ശാലിനിയും മക്കളും മറ്റ് കുടുംബാം​ഗങ്ങളുമെല്ലാം എത്തിയിരുന്നു. റേസിങ് താരം മാത്രമല്ല അജിത് കുമാര്‍ റേസിങ് എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ദുബായിൽ നടന്ന മത്സരത്തിൽ വിജയിച്ചശേഷം ഭാര്യ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം അജിത്തിന്റെ കാർ റേസിങ് പ്രേമം മകൻ ആദ്വിക്കിനും കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും റിപ്പോർട്ടുകളുമാണ് പുറത്ത് വരുന്നത്.

അച്ഛന് പിന്നാലെ മകനും കാർ റേസിൽ പങ്കെടുത്ത് ഒന്നാം സമ്മാനം നേടിയിരിക്കുകയാണ്. അജിത്തിന്റെ മകൻ ആദ്വിക് ചെന്നൈയിൽ നടന്ന ഗോ കാർട്ട് കാർ റേസിൽ പങ്കെടുത്തിരുന്നുവത്രെ. മത്സരത്തിൽ ആദ്വിക്കാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അച്ഛന്റെ പാത പിന്തുടർന്ന് ഉയർന്ന് വരാൻ താരപുത്രന് ആശംസകൾ നേർന്ന് ആരാധകരും എത്തി.

കാർ റേസിങിൽ മാത്രമല്ല ഫുട്ബോൾ പ്രേമി കൂടിയാണ് ആദ്വിക്ക്. മകന്റെ പിറന്നാളിന് ഫുട്ബോൾ തീമിലുള്ള ബർത്ത്ഡേ പാർട്ടി ശാലിനിയും അജിത്തും ചേർന്നൊരുക്കിയതിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. അടുത്തിടെ ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ആദ്വിക്കിന്റെ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് താരപുത്രൻ.

ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അജിത്ത് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിടാമുയർച്ചിയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം അജിത്ത്, അർജുൻ, തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ആറിന് ചിത്രം തിയറ്ററുകളിൽ എത്തും.

CONTENT HIGHLIGHT: ajith son is also a car racing enthusiast