ദില്ലി: കാസർകോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. പ്രോ വി സിയായി നിയമിച്ച ഡോ. കെ. ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ് ആർ ജിതയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നേരത്തെ ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹർജിക്കാരി സുപ്രീം കോടതിയിലെത്തിയത്.നിലവിൽ ഹൈക്കോടതി നടപടിയിൽ ഇടപെടാനില്ലെന്നും നിയമനം നടപടികൾ എല്ലാം നേരത്തെ പൂർത്തിയായതിനാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ഹർജിക്കാരിക്കായി മുതിർന്ന അഭിഭാഷകൻ ശൈലേഷ് മടിയാൽ, അഭിഭാഷകൻ ലക്ഷമീശ് എസ് കമത്ത് എന്നിവർ ഹാജരായി.
നിയമനത്തിനെതിരെ കേരള ഹൈക്കോടതിയിൽ നേരത്തെ പൊതുതാൽപര്യ ഹർജികൾ എത്തിയിരുന്നു. ഈ ഹർജികളെല്ലാം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിക്കാരിയായ തന്റെ ഹർജിയും കേരള ഹൈക്കോടതി തള്ളിയതെന്നും താൻ മുന്നോട്ട് വച്ച രേഖകൾ ഹൈക്കോടതി പരിശോധിച്ചില്ലെന്നുമാണ് വാദം. സുപ്രീംകോടതിയുടെ മുൻകാല വിധികൾക്ക് വിരുദ്ധമായിട്ടാണ് നിലവിലെ നിയമനമെന്നാണ് ഹർജിയിലെ പ്രധാനവാദം.
content highlight: appointment-of-pro-vice-chancellor-of-kasaragod