Entertainment

ഹോളിവുഡിന്റെ വിഖ്യാത ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

പ്രശസ്തനായ അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. സംവിധായകനായും തിരക്കഥാകൃത്തായും പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. മരണകാരണവും സ്ഥലവും പുറത്ത് അറിയിച്ചിട്ടില്ല. മരണവിവരം കുടുംബം തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലോസ് ഏഞ്ചൽസിൽ താമസിച്ചിരുന്ന ലിഞ്ചിന് വർഷങ്ങളായി കടുത്ത പുകവലിയെ തുടർന്ന് എംഫിസീമ ബാധിച്ചിരുന്നു.

മൾഹോളണ്ട് ഡ്രൈവ്, വൈൽഡ് അറ്റ് ഹാർട്ട് , ബ്ലൂ വെൽവെറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ലിഞ്ച്, ട്വിൻ പീക്സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമേരിക്കൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നോമിനേഷനും ഡേവിഡ് ലിഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 2019ല്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള അക്കാദമി അവാര്‍ഡും ലഭിച്ചു. 1990ൽ കാൻ ചലച്ചിത്രോത്സവത്തിൽ വൈൽഡ് അറ്റ് ഹാർട്ട് പാംദോർ നേടി. അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ‘ബീറ്റിൽസി’ലൂടെ പ്രശസ്തമായ അതിന്ദ്രീയ ധ്യാനത്തിന്റെ പ്രചാരകരിലൊരാളായിരുന്നു.

ഹോളിവുഡില്‍ ലിഞ്ചിയന്‍ സ്‌റ്റൈല്‍ സിനിമകള്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇറേസര്‍ഹെഡ്, ദി എലഫന്റ് മാന്‍, ഡ്യൂണ്‍, ബ്ലു വെല്‍വെറ്റ്, വൈല്‍ഡ് അറ്റ് ഹാര്‍ട്ട്, ട്വിന്‍ പീക്‌സ്, ലോസ്റ്റ് ഹൈവേ, ഇന്‍ലന്‍ഡ് എംപയര്‍ തുടങ്ങിയവയാണ് ഡേവിഡ് ലിഞ്ചിന്റെ പ്രധാനചിത്രങ്ങള്‍. ട്വിന്‍ പീക്ക്‌സ്, ഓണ്‍ ദി എയര്‍, ഹോട്ടല്‍ റൂം തുടങ്ങിയവയാണ് പ്രധാന ടിവി ഷോകള്‍.