കയ്റോ: ഗാസയിൽ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നു മധ്യസ്ഥരായ ഖത്തർ അറിയിച്ചു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം വൈകിട്ടു നാലിന് ആരംഭിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസുമായുള്ള കരാറിന് വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകിയത്.
സമാധാനത്തിലേക്കു വഴി തുറന്നെങ്കിലും ഇന്നലെയും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. മൂന്നു ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും.
ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. 98 ബന്ദികൾ ഗാസയിലുണ്ടെന്നാണ് കണക്ക്. ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിട്ടുണ്ട്.