ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു.
തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേർന്ന ശേഷം, ചികിത്സരീതിയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറവായതിനാൽ അന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്റേത്.