പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിലെ ശാന്തമായ ഭൂപ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? പഴമയുടെ സൗന്ദര്യം ഓരോ കല്‍ത്തരിയിലും വിളിച്ചോതുന്ന ഒരു സ്ഥലമാണിത്. ഈ പ്രദേശത്ത് പാണ്ഡവർ ഒളിവില്‍ കഴിഞ്ഞിരുന്നെന്നും ഇവിടത്തെ ഹരിതമനോഹാരിതയില്‍ മയങ്ങിയ അവര്‍, ഇവിടെയുള്ള ഗുഹയില്‍ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം.
ഇവിടം ഒരു ക്ഷേത്രമായി വളരും മുന്‍പേ തന്നെ പാണ്ഡവര്‍ക്ക് ഇവിടം വിട്ട് പോകേണ്ടി വന്നു. കൗരവര്‍ പാണ്ഡവരുടെ ഒളിസ്ഥലം കണ്ടെത്തിയെന്ന് മനസ്സിലാക്കിയ ഹനുമാന്‍, കോഴിയുടെ രൂപത്തിലെത്തി വിവരറിയിക്കുകയും ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാതെ പാണ്ഡവര്‍ ഇവിടെ നിന്നും പോയി എന്നുമാണ് ഐതിഹ്യത്തില്‍ പറയുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്നു.
ഏകദേശം അഞ്ചര ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്ത്, മുഖാമുഖം നില്‍ക്കുന്ന വലിയ പാറക്കെട്ടുകളില്‍ ഒന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവ രഥശില്പശൈലിയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. പാറതുരന്ന് 20 അടി വ്യാസത്തിൽ നിര്‍മ്മിച്ച ഗർഭഗ്രഹത്തിനുള്ളിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. പടവുകൾ കയറി പ്രധാന കവാടം കടന്ന് വേണം ഗുഹാക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍.
മനോഹരമായ ശില്പങ്ങളാണ് ഇവിടെയുള്ള ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ഗർഭ ഗൃഹത്തിന്‍റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകരുടെ ശില്‍പ്പങ്ങള്‍ കാണാം. പുറംചുവരുകളിൽ ഗണപതി, മഹർഷി ശില്പങ്ങൾ കൊത്തിവച്ചിരിക്കുന്നു. ആയുധങ്ങളില്ലാതെ കൈകെട്ടി നിൽക്കുന്നതും ഗഥാധാരിയായതുമായ ദ്വാരപാലകശില്പങ്ങളും കയ്യില്‍ കമണ്ഡലുവുമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയുടെ ശില്പത്തിനും മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യമുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവല്ലയിലെ പ്രസിദ്ധമായ കവിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെറും ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തിരുവല്ലയിൽ നിന്നും ഞാലിക്കണ്ടം കമ്മാളത്തകിടി വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.