Kerala

പൂർവവിദ്യാർഥി സംഗമത്തില്‍ പ്രസംഗിക്കവേ മുൻ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു | former teacher collapses and dies during alumni reunion

ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം

മലപ്പുറം: പൂർവവിദ്യാർഥി സംഗമത്തില്‍ പ്രസംഗിക്കവേ മുൻ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ (90)ആണ് മരിച്ചത്. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നല്‍കി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ.ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച്‌ (1975) വിദ്യാർഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം.

പൂർവവിദ്യാർഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാർഥികളുടെ ഉപഹാരം ഡോ. ആർസുവില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടി പ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു.

ആറ്റിങ്ങല്‍, വിതുര, കാരന്തൂർ, കാരപ്പറമ്പ്, യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളില്‍ ജോലിചെയ്ത അദ്ദേഹം 1988-ല്‍ ചേളാരി ഗവ. ഹൈസ്കൂളില്‍നിന്ന് പ്രഥമാധ്യാപകനായി വിരമിച്ചു.