കുട്ടികളെ ദുരുപയോഗം ചെയ്തതിനും അവരെ അവഗണിച്ചതിനു കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകം എഴുതിയ യുവതിയ്ക്കും ഭർത്താവിനും ശിക്ഷ വിധിച്ച് കോടതി. വർഷത്തെ തടവാണ് ഇരുവർക്കും വിധിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ദത്തെടുത്ത മൂന്ന് കുഞ്ഞുങ്ങളോട് ക്രൂരത കാണിച്ചതിന് ആണ് ശിക്ഷ.
‘എ റിയൽ ഫ്രണ്ട്’ എന്ന കൃതിയുടെ രചയിതാവായ ഫ്ലോറിഡയിൽ നിന്നുള്ള ജെന്നിഫർ വുൾഫ്താലിനും അവരുടെ ഭർത്താവ് ജോസഫ് വുൾഫ്താലിനുമാണ് കോടതി തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ്റെ എഞ്ചിനീയറാണ് ജോസഫ്. കുട്ടികളെ ദുരുപയോഗം ചെയ്തതിനും അവരെ അവഗണിച്ചതിനുമാണ് ഇരുവർക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ടുപേരും കുട്ടികളോട് തികഞ്ഞ ക്രൂരതയാണ് കാണിച്ചത് എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
2021 -ലാണ് ഫ്ലോറിഡ പൊലീസ് ദമ്പതികൾക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. ഇവരുടെ എട്ട് വയസുള്ള വളർത്തുമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. വിവിധ പരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബോധരഹിതയായ അവസ്ഥയിലായിരുന്നു കുട്ടി. പരിശോധനയിൽ വിവിധ അവയവങ്ങൾ തകരാറിലാവുകയും ചെയ്തതായി കണ്ടെത്തി.
പെൺകുട്ടിക്ക് ന്യുമോണിയയും കരളിന് തകരാറുമുണ്ടെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് അവൾക്ക് പോഷകാഹാരക്കുറവും ഉണ്ടായിരുന്നു. കൂടാതെ, അണുബാധ, അനവധി മുറിവുകൾ എന്നിവയെല്ലാം കുട്ടിക്കുണ്ടായിരുന്നു.
അങ്ങനെ എഴുത്തുകാരിയായ ജെന്നിഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ ദത്തെടുത്ത് വളർത്തുന്ന ഒമ്പതും 11 ഉം വയസുള്ള രണ്ട് കുട്ടികളെയും ആ വീട്ടിൽ നിന്നും മാറ്റി. അവരോട് സംസാരിച്ചപ്പോഴാണ് ദമ്പതികളിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെ കുറിച്ച് അവർ വെളിപ്പെടുത്തിയത്. എപ്പോഴും തങ്ങളെ മുറിയിൽ പൂട്ടിയിട്ടുവെന്നും ശിക്ഷിച്ചുവെന്നും കുട്ടികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
അതേസമയം, ജെന്നിഫർ എഴുതിയ കുട്ടികളുടെ പുസ്തകത്തിന്റെ വില്പന നിർത്തിവച്ചു. കുട്ടികളോട് ജെന്നിഫർ കാണിച്ച ക്രൂരത വെളിപ്പെട്ടതിനെ തുടർന്നാണ് പുസ്തകത്തിന്റെ വില്പന നിർത്തിവച്ചിരിക്കുന്നത്.
CONTENT HIGHLIGHT: jennifer wolfthal childrens book author