യുഎസിൽ രണ്ടാം ഡോണൾഡ് ട്രംപ് സർക്കാർ അധികാരമേറാൻ മണിക്കൂറുകൾ മാത്രം ബാക്കി. നാലുവര്‍ഷത്തിനു ശേഷം ഡൊണാള്‍ഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്‍റായി അധികാരമേൽക്കുകയാണ്. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് അധികാരമേൽക്കുന്നത്.
യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്‍റെ പരമ്പരാഗത രീതിക്ക് വിരുദ്ധമായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളെയും വ്യവസായികളെയും ക്ഷണിച്ചുകൊണ്ടാണ് ഇത്തവണത്തെ സ്ഥാനാരോഹണ ചടങ്ങ് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ള പ്രമുഖർ വൈറ്റ് ഹൗസിലെത്തി. ഇവരെ അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്.
ഇന്ത്യയില്‍നിന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെത്തില്ല. എന്നാല്‍, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കും. ബിസിനസുകാരനും ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്റെ പങ്കാളിയുമായ കല്‍പേഷ് മേത്തയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിനു ശേഷം സത്യപ്രതിജ്ഞാവേദിയിലേക്ക് പോകും.
STORY HIGHLIGHT: donald trump inauguration day