ലോകത്തിൽ ഏറ്റവുമധികം ആളുകൾ സഞ്ചരിക്കുന്ന റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. അങ്ങ് കാശ്മീർ മുതൽ ഇങ്ങ് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പാതകളിൽ ഓരോ ദിവസവും ലക്ഷക്കണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. ഇവരെയും വഹിച്ച നൂറുകണക്കിന് ട്രെയിനുകൾ രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും സര്‍വീസ് നടത്തുന്നു. രാജ്യത്തിന്‍റെ ഏതുഭാഗത്തേയ്ക്ക് പോകണമെങ്കിലും ഇന്ന് ധൈര്യമായി ട്രെയിനുകളെ ആശ്രയിക്കാം.എന്നാൽ ട്രെയിനുകളെക്കുറിച്ച് പറയുമ്പോൾ കൗതുകരമായ ഒരു വസ്തുതയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് നമുക്ക് പരിചിതമാണ്. അസമിലെ ദിബ്രുഘട്ടിനും തമിഴ്നാട്ടിലെ കന്യാകുമാരിക്കും ഇടയിൽ സർവീസ് നടത്തുന്ന വിവേക് എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ. 80 മണിക്കൂറിൽ ആണ് വിവേക് എക്സ്പ്രസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
എന്നാൽ ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവീസ് ഏതാണെന്ന് അറിയുമോ? ഏറ്റവും നീളംകൂടിയ ട്രെയിൻ സർവീസ് 4273 കിലോമീറ്റർ ദൂരെ സഞ്ചരിക്കുമ്പോൾ ഏറ്റവും ദൈർഘ്യം കുറഞ്ഞ ട്രെയിനാവട്ടെ , വെറും 3 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. കയറി സീറ്റ് കണ്ടെത്തി ഒന്നിരിക്കുമ്പോൾ തന്നെ ഇറങ്ങാനാവും എന്നതാണ് രസകരമായ മറ്റൊരു കാര്യം.മഹാരാഷ്ട്രയിലെ നാഗ്പൂരിനും അജ്നി എന്ന സ്ഥലത്തിനും ഇടയിലായാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ട്രെയിൻ സർവീസുള്ളത്. ദൂരം കുറവാണെങ്കിലും യാത്രക്കാരും ട്രെയിൻ യാത്രാപ്രിയരും ഒക്കെ ഈ റൂട്ടിൽ സഞ്ചരിക്കാറുണ്ട്. മാത്രമല്ല, ഒന്നിലധികം ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തുകയും ചെയ്യുന്നു.
എത്ര ചെറിയ ട്രെയിൻ റൂട്ട് ആണെങ്കിലും നിരവധി യാത്രക്കാരാണ് ദിവസവും ഇതിനെ ആശ്രയിക്കുന്നത്. പ്രദേശവാസികളുടെ പ്രധാന യാത്രകളിലൊന്നു കൂടിയാണ് ഈ റൂട്ടിലുള്ളത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ഹബ്ബുകളിലൊന്നായ നാഗ്പൂർ ജംഗ്ഷനും സബർബൻ അജ്നി സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്ര ദൈനംദിന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്.ഇരുറെയിൽവേ സ്റ്റേഷനുകളും നാഗ്പൂർ റെയിൽവേ ഡിവിഷന്‍റെ ഭാഗമാണെന്നത് മാത്രമല്ല, രണ്ട് സ്റ്റേഷനുകളും പരസ്പരം വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതും. ഓഫീസിൽ പോകുന്നവർക്കും കോളേജ് വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാണ് ഈ പാത
ട്രെയിന്‍ യാത്ര വെറും 7 മിനിറ്റേ എടുക്കുകയുള്ളുവെങ്കിലും ടിക്കറ്റ് നിരക്കിൽ ഇത് കാണാൻ സാധിക്കില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ലാസ് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. 60 രൂപാ മുതലാണ് നാഗ്പൂർ-അജ്നി ട്രെയിൻ യാത്രാ നിരക്ക് തുടങ്ങുന്നതു തന്നെ. ജനറൽ ക്ലാസ് ടിക്കറ്റിനാണ് 60 രൂപ നിരക്ക്. വിദർഭ എക്സ്പ്രസ് (12106), നാഗ്പൂർ-പുണെ ഗരീബ് രഥ് (12114), നാഗ്പൂർ-പൂനെ എക്സ്പ്രസ് (12136), സേവാഗ്രാം എക്സ്പ്രസ് (12140) തുടങ്ങിയ ട്രെയിനുകള്‍ ഈ റൂട്ടിൽ സർവീസ് നടക്കുന്നുട്രെയിനിനനുസരിച്ച് സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 145 രൂപാ മുതൽ 175 രൂപാ വരെയാണ് നിരക്ക്. ഗരീബ്രഥിൽ തേഡ് എസിക്ക് 280 രൂപയാണ് ടിക്കറ്റ് വരുന്നത്. മറ്റു ട്രെയിനുകളില്‍ എസി ത്രി എക്കോണമിക്ക് 505- 555 രൂപയും തേഡ് എസിക്ക് 505 രൂപയും എസി ടൂ ടയറിന് 760 രൂപയും എസി ഫസ്റ്റ് ക്ലാസിന് 1255 രൂപയുമാണി ഐആര്‍സിടിസി വെബ്സൈറ്റ് അനുസരിച്ചുള്ള ടിക്കറ്റ് നിരക്ക്.
STORY HIGHLIGHTS : indian-railway-offers-shortest-train-ride-of-7-minutes-at-surprising-price