Kerala

ബ്രൂവറി വിവാദം : ജല അതോറിറ്റി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും

പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ ജല അതോറിറ്റി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും. ജലവിഭവ വകുപ്പിനാകും ജല അതോറിറ്റി റിപ്പോർട്ട് നൽകുക. ജലവിതരണ ശൃംഖലയിൽ വെള്ളത്തിന് സാധ്യതയുണ്ടെന്ന ആദ്യ റിപ്പോർട്ട് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോർട്ട് നൽകുന്നത്.

എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്ന് ആരോപണം ഉയർന്നിരുന്നു. നാട്ടുകാരുടെ ഭാ​ഗത്ത് നിന്ന് ഉൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്ന് വരികയും ചെയ്തിരുന്നു. പദ്ധതി വരുന്നത് നാട്ടുകാരെ ബാധിക്കുന്ന പ്രശ്നമാണ്. കൃഷിക്ക് വെള്ളം കിട്ടാതെ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ​ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയൊരു പദ്ധതി ഇവിടെ വേണ്ട എന്നത് അടക്കമാണ് നാട്ടുകാർ ഉന്നയിക്കുന്ന കാര്യം.

ബ്രൂവറി തുടങ്ങുന്നത് സംബന്ധിച്ച വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ശക്തമായ പ്രതിഷേധം അറിയിച്ചു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ല. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാൽ ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന് ഓൺലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈൻ യോ​ഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു.എന്നാൽ വ്യവസായ വകുപ്പ് മുഖേന ലൈസൻസ് എടുത്ത് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കയി അനുമതി ലഭിക്കും. 3 വർഷത്തിനകം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് അറിവെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു.

അതേസമയം ബ്രൂവറിക്കെതിരെ പ്രതിപക്ഷവും വലിയ പ്രതിഷേധം ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസ് ആണ് ബ്രൂവറിയുമായി മുന്നോട്ട് പോവുന്നത്. ഇത് അനുവദിക്കാനുള്ള തീരുമാനത്തിൽ വലിയ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷം പറയുന്നു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.