India

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല ; നാല് ക്രിമിനൽ കേസ് പ്രതികളെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ നാല് ക്രിമിനൽ കേസ് പ്രതികളെ വെടിവച്ചു കൊന്നു. ശാംലി ജില്ലയിലെ ഝിജ്ഞാന മേഖലയിൽ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് അക്രമികളുമായി ഏറ്റുമുട്ടി കൊലപ്പെടുത്തിയത്. മുസ്തഫ കഗ്ഗ ഗുണ്ടാ സംഘത്തിലെ അംഗം അർഷാദും കൂട്ടാളികളും ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തലവന്‍ അര്‍ഷാദ്, കൂട്ടാളികളായ മഞ്ജിത്, സതീഷ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മരിച്ച നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ​ഗുണ്ടാ തലവൻ അർഷാദിന്റെ തലയ്ക്ക് പൊലീസ് ഒരുലക്ഷം വിലയിട്ടിരുന്നു. ഏറ്റമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

സഹാറന്‍പൂരിലെ ബെഹാട്ടില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് കവർച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു അര്‍ഷാദ്. കവർച്ച, മോഷണം, കൊലപാതകം തുടങ്ങിയ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. തിങ്കളാഴ്ച രാത്രി വൈകിയാണ് അക്രമികൾ ഷാംലിയിലെ ജിജാന മേഖലയില്‍ മോഷണം നടത്താൻ പദ്ധതിയിട്ടതായി എസ്ടിഎഫിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് എസ്ടിഎഫ് സംഘം സ്ഥലത്തെത്തി. കാർ വരുന്നത് കണ്ട സംഘം ഇത് തടയാൻ ശ്രമിച്ചു. കാറില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്നാണ് എസ്ടിഎഫ് വൃത്തങ്ങൾ പറയുന്നത്. ഇതിന് പിന്നാലെയാണ് പോലീസും വെടിയുതിർത്തത്. ഏറ്റുമുട്ടല്‍ 30 മിനിറ്റോളം നീണ്ടു. എസ്ടിഎഫ് സംഘത്തെ നയിച്ച ഇൻസ്പെക്ടർ സുനിലിനാണ് വെടിയേറ്റത്. ഹരിയാനയിലെ കർണാലിലെ അമൃത്ധര ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.