Kerala

2 മാസം അകത്തു കിടന്നാൽ മനസ്സിലായിക്കൊള്ളും; കോടതി ഉത്തരവ് ലംഘിച്ചതിന് ദേവസ്വം ഓഫിസറോട് ഹൈക്കോടതി – kerala high court slams devaswom officer

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ആന എഴുന്നള്ളിപ്പിനു മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ ദേവസ്വം ഓഫിസർ നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് രൂക്ഷ പരാമർശവുമായി ഹൈക്കോടതി. ‘തെറ്റുപറ്റിപ്പോയി, നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു. പകരം കോടതി ഉത്തരവ് ലംഘിച്ചതിന് പൊന്നാട സ്വീകരിക്കാൻ പോയി. എന്നെ ജയിലിൽ ഇടൂ എന്ന് പറഞ്ഞാണ് ദേവസ്വം ഓഫിസർ വരുന്നത്. ഇതിനെയാണ് വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നത്. രണ്ടു മാസം അകത്തു കിടന്നാൽ മനസ്സിലായിക്കൊള്ളും’. ഹൈക്കോടതി പറഞ്ഞു.

നിരുപാധികം മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ഓഫിസർക്ക് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുട ബെഞ്ച് നിർദേശം നൽകി. കോടതി നിർദേശപ്രകാരം സമർപ്പിച്ച രണ്ടു സത്യവാങ്മൂലത്തിലും തെറ്റു പറ്റിയതായി സമ്മതിക്കുന്നില്ലെന്നും ന്യായീകരണം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ ലംഘിച്ചതിനു ദേവസ്വം ഓഫിസർ കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും കോടതിയലക്ഷ്യ നടപടികൾ തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

‘മാർഗനിർദേശങ്ങൾ ലംഘിച്ചതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ മനഃപൂർവം ചെയ്തതാണെന്ന് പറയുന്നില്ല. മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ട കാര്യം ദേവസ്വം ഓഫിസർക്ക് തന്നെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഖേദം പ്രകടിപ്പിക്കാമായിരുന്നു. തങ്ങൾ ചോദിക്കുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നില്ല. അവിടെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിന്റെ വാസ്തവം തങ്ങൾക്കറിയാം. മാത്രമല്ല, നിയമലംഘനം നടത്തുന്ന കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും ദേവസ്വം അത് അംഗീകരിച്ചില്ലെന്ന് കലക്ടർ റിപ്പോർട്ട് തന്നിട്ടുണ്ട്. അതുകൊണ്ട് നിരുപാധികം മാപ്പപേക്ഷ നൽകിയാൽ അത് പരിഗണിക്കാമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിനു നടപടികൾ തുടങ്ങുമെന്നും കോടതി പറഞ്ഞു’ . കൂടാതെ ദേവസ്വം ഓഫിസർ തുടർന്നും കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

STORY HIGHLIGHT: kerala high court slams devaswom officer