നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി. പരിഗണന നൽകിയ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. സംഭവത്തിൽ മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. ജയില്‍ ആസ്ഥാന ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജയിലിൽ ബോബിയെ കാണാൻ വി.ഐ.പി.കൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡി.ഐ.ജി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു തൃശ്ശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
STORY HIGHLIGHT: bobby chemmannur case vip treatment