ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹത്തിൽ അനേകം സ്ത്രീകൾ തേടിയെത്തുന്ന ഒരു മലയുണ്ട് പോർച്ചുഗലിൽ. അവിടെ ആരാധനാലയങ്ങളോ സിദ്ധന്മാരോയില്ല. മറിച്ച് ഒരു വലിയ പാറക്കല്ലുണ്ട്. ‘മദർ റോക്ക് ‘ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഈ പാറക്കെട്ടിൽ നിന്നും ഒരു കല്ലെടുത്ത് അത് തലയണയ്ക്ക് അടിയിൽ വച്ച് കിടന്നാൽ ഗർഭം ധരിക്കാനാവുമെന്ന വിശ്വാസമാണ് പലരെയും ഇവിടെ എത്തിക്കുന്നത്.
ബ്രസീലിന്റെ നടുവൊടിച്ച ‘വ്യത്യസ്ത’ കൊള്ള: കപ്പലിൽ കടത്തിയത് 70,000 റബർ വിത്ത്
വടക്കൻ പോർച്ചുഗലിലെ അരൂക്കാ ജിയോ പാർക്കിലാണ് പെട്രാസ് പാരിഡെയ്റസ് അഥവാ ബർത്തിങ് സ്റ്റോൺ എന്ന് പേരുള്ള ഈ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്. സ്വയം ചെറുകല്ലുകൾക്ക് ജന്മം നൽകാനുള്ള കഴിവ് ഈ പാറക്കെട്ടിനുണ്ടെന്നാണ് വിശ്വാസം. അതിന് ഒരു കാരണവുമുണ്ട്. വലിയ പാറക്കെട്ടിന്റെ പ്രതലത്തിൽ അടിക്കടി ചെറുപാറകല്ലുകൾ ജനിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ അടിത്തറയുണ്ടെങ്കിലും ഈ പാറക്കെട്ട് ഗർഭവതിയാണെന്നും അത് ജന്മം നൽകുന്ന കുഞ്ഞുങ്ങളാണ് പാറക്കല്ലുകൾ എന്നുമാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
ഒരു കിലോമീറ്റർ നീളത്തിലും 600 മീറ്റർ വീതിയിലും പരന്നുകിടക്കുന്നതാണ് ഗ്രാനൈറ്റ് കല്ലുകളാൽ നിർമിതമായ ഈ പാറക്കെട്ട്. വലിയ പാറക്കെട്ടിന്റെ പ്രതലത്തിന് മുകളിൽ അടിക്കടി രണ്ടു മുതൽ 12 സെന്റീമീറ്റർ വരെ നീളമുള്ള ചെറുപാറക്കല്ലുകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. ഇതിനാലാണ് ‘മദർ റോക്ക്’ എന്ന പേര് പാറക്കൂട്ടത്തിന് ലഭിച്ചത്. പാറയെ വിശ്വസിച്ച് ഒരു കുഞ്ഞിനായി കാത്തിരിക്കുന്നവർ ഏറെയുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകളിൽ വളരെ സ്വാഭാവികമായ ഒരു പ്രതിഭാസം മൂലമാണ് കുഞ്ഞുപാറക്കല്ലുകൾ ജനിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഈ പാറകൾക്ക് ഏകദേശം 300 ദശലക്ഷത്തിൽ പരം വർഷങ്ങളുടെ പഴക്കമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പാറയുടെ പുറംപാളിയിൽ അടങ്ങിയിരിക്കുന്നത് ബയോട്ടൈറ്റ് എന്ന ധാതുവാണ്. മഴയോ മഞ്ഞിൽ നിന്നുള്ള വെള്ളമോ ഈ ധാതുവിലേയ്ക്ക് ഒലിച്ചിറങ്ങുന്നതോടെ അത് കട്ടിയായി ഖര രൂപത്തിലാകുന്നു. ഇങ്ങനെയാണ് ചെറു പാറക്കല്ലുകൾ രൂപീകൃതമാകുന്നത്. ചെറുകല്ലുകളുടെ ഘടന കണ്ടെത്തിയെങ്കിലും അവ എങ്ങനെയാണ് പാറക്കെട്ടിന്റെ ഉപരിതലത്തിലേക്ക് പുറന്തള്ളപ്പെടുന്നത് എന്നത് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
എന്നാൽ ഗ്രാനൈറ്റ് പാറയേക്കാൾ കാലാവസ്ഥാ ഘടകങ്ങളോട് പ്രതികരിക്കുന്ന ഈ ചെറു കല്ലുകൾ കാറ്റ്, മഴ, വേനൽ ശൈത്യം എന്നീ അവസ്ഥകൾക്ക് അനുസൃതമായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഇതിന്റെ അനന്തരഫലമായി പാറയുടെ ഉപരിതലത്തിലേക്ക് അവ പുറന്തള്ളപ്പെടുകയാണെന്നാണ് ഗവേഷകരുടെ നിഗമനം. വലിയ പാറക്കെട്ടിന് താഴെയായി ഇത്തരത്തിൽ ‘ജനിച്ച’ ആയിരക്കണക്കിന് ചെറുകല്ലുകൾ കാണാം. ഇനിയും പുറത്തുവരാൻ കാത്തിരിക്കുന്ന കുഞ്ഞൻ കല്ലുകളുണ്ടാകാം. എല്ലാം പുറന്തള്ളപ്പെട്ട ശേഷം അമ്മ പാറ സാധാരണ പാറക്കെട്ടിനെ പോലെയാകുമെന്നും ഗവേഷകർ അനുമാനിക്കുന്നുണ്ട്. ഈ അപൂർവ്വ പ്രതിഭാസം മുതലെടുത്ത് ചെറു കല്ലുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിൽക്കുന്നവർ പോലുമുണ്ട്. എന്നാൽ ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതിനാൽ ഇത്തരം കല്ലുകൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമൊക്കെ ജിയോ പാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHTS: portugals-mother-rock-fertility-legend