Kerala

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: സിപിഎം പ്രവർത്തകനെ പുറത്താക്കി പാർട്ടി- Cpm worker expelled child sexual abuse

എറണാകുളം പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.കെ.സുബ്രഹ്മണ്യനെതിരേയാണ് പാർട്ടി നടപടി എടുത്തിരിക്കുന്നത്. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികള്‍ പ്രഖ്യാപിച്ചു. ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. പരാതി വരികയും കേസെടുക്കുകയും ചെയ്ത ശേഷം സുബ്രഹ്മണ്യന്‍ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാന്‍ കഴിഞ്ഞിട്ടില്ല. പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. തേലത്തുരുത്ത് ബ്രാഞ്ച് അം​ഗം ബി.കെ. സുബ്രഹ്മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്.

കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തു പറഞ്ഞത്. കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്മണ്യന്‍. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടിയെ അം​ഗനവാടിയിൽ കൊണ്ടുപോയിരുന്നതും സുബ്രഹ്മണ്യനാണ്. പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്.

STORY HIGHLIGHT: Cpm worker expelled child sexual abuse