നമ്മുടെയെല്ലാം വീടുകളിൽ ഒരു പപ്പായ മരമെങ്കിലും ഉണ്ടാകുമായിരിക്കും. എന്നാൽ അവ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. ആവശ്യമായ വളപ്രയോഗങ്ങൾ ലഭിക്കാത്തതാണ് ഇതിന് കാരണം. നടുന്ന സമയം മുതൽ തന്നെ ശ്രദ്ധവേണം. നല്ലയിനം പപ്പായ തൈകൾ തിരഞ്ഞെടുക്കുക. നന്നായി വെള്ളം കിട്ടുന്ന, സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലത്ത് നടുക. നടുന്നതിനു മുമ്പ്, കുഴിയിൽ ചാണകപ്പൊടിയും, മണ്ണും ചേർത്ത് നന്നായി കൂട്ടിക്കളയുക. എന്നതാണ് ആദ്യഘട്ടത്തിൽ വേണ്ടത്.
പപ്പായ ചെടിയിൽ കാണുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളീച്ച പോലുള്ള പ്രാണികളുടെ ശല്യം. ഇത് പാടെ ഒഴിവാക്കാനായി വളപ്രയോഗം നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല എന്തെങ്കിലും വൈറസ് ബാധ ചെടിയിൽ കാണുകയാണെങ്കിൽ അത് പൂർണ്ണമായും നശിപ്പിച്ചു കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ കൂടെ നിൽക്കുന്ന മറ്റു ചെടികൾക്ക് കൂടി അത് പ്രശ്നമായി തീരും.
പപ്പായ ചെടി നല്ലതുപോലെ കായ്ക്കാനായി കോഴിക്കാഷ്ട്ടം, ചാണകം എന്നിവയെല്ലാം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ സമ്പൂർണ്ണ ജൈവവളം മിക്സ് ചെയ്തതോ, ബയോ പൊട്ടാഷോ ചെടിക്ക് ചുവട്ടിൽ വേരിനോട് ചേർന്ന് വരുന്ന ഭാഗത്തിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ചെടിക്ക് ചുറ്റും മണ്ണ് വെട്ടി നല്ലതുപോലെ തടമിട്ട് വേണം ചെടിയെ പരിചരിക്കാൻ. ആവശ്യത്തിന് വെള്ളം നൽകുകയും കൃത്യമായ ഇടവേളകളിൽ കളകൾ കരയുകയും വേണം. എല്ലുപൊടിയും വളമായി ഉപയോഗിക്കാം.
പപ്പായയിലേ പെൺ പൂക്കളിൽ കൃത്രിമ പരാഗണം നടത്തുന്നത് കായ്ഫലം വർദ്ധിപ്പിക്കാൻ സഹായിക്കും. അതിനാൽ ആൺ പൂക്കൾ നുള്ളി കളയുന്നത് പെൺ പൂക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. പപ്പായ ചെടിയുടെ താഴെ കരിയിലകളും ചപ്പുചവറും ഇട്ടു കൊടുക്കുന്നത് മണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. പപ്പായ ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പപ്പായ കായ്ച്ചു തുടങ്ങിയാൽ, കായ്കൾക്ക് താങ്ങുകൊടുക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, പപ്പായ നിറയെ കായ്ക്കാൻ തുടങ്ങും.