തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഓഫിസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലുമാണ് സമരത്തിലുള്ളത്. സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കും. അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തും. സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗൺസിൽ നിർമ്മിച്ച സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. സമരം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് ജോയിന്റ് കൗൺസിൽ വിമർശിച്ചു.
കണ്ണൂരിൽ ജീവനൊടുക്കിയ മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എൻജിഒ യൂണിയൻ പ്രവർത്തകരായിരുന്നു നവീൻ ബാബുവും ഭാര്യ മഞ്ജുഷയും. നിലവിൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്യുന്ന മഞ്ജുഷ, ഇന്ന് ജോലിക്ക് എത്തില്ലെന്ന് അറിയിച്ച് രേഖാമൂലം കത്ത് നൽകി.
കൊല്ലം കളക്ട്രേറ്റിൻ്റെ പ്രധാന കവാടത്തിന് എതിർവശത്തെ റോഡരികിലാണ് പന്തൽ ഒരുക്കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പന്തൽ പൊളിച്ചു നീക്കണമെന്ന് പൊലീസ് അറിയിച്ചെന്ന് സമരക്കാർ പറയുന്നു. എറണാകുളം കളക്ട്രേറ്റിനു മുന്നിൽ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. ആരും ജോലിക്ക് എത്തില്ലെന്ന് കോൺഗ്രസ് അനുകൂല സംഘനയും വ്യക്തമാക്കുന്നു. കളക്ട്രേറ്റിൽ പൊലീസിനെ വിന്യസിച്ചു.
വയനാട് കോൺഗ്രസ്-സിപിഐ സർവീസ് സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ സിപിഎം അനുകൂല സർവീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു. വയനാട് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. കളക്ട്രേറ്റിൽ എൻജിഒ അസോസിയേഷനും ജോയിൻ്റ് കൗൺസിലും സമരം ചെയ്യുന്നുണ്ട്.
CONTENT HIGHLIGHT: kerala govt employees protest begins