പാസ്പോർട്ട് സേവനങ്ങൾ വേഗത്തിലാക്കാൻ നടപടികളുമായി യുഎഇ ഇന്ത്യൻ എംബസി. പാസ്പോർട്ട് പുതുക്കുന്നതിന് ഓൺലൈൻ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംബസി നിർദ്ദേശിച്ചു. പ്രീമിയം ലോഞ്ച് സംവിധാനത്തിലൂടെ അപേക്ഷിക്കുമ്പോൾ സേവനങ്ങൾ വേഗത്തിൽ ലഭിക്കണമെന്ന് നിർബന്ധമില്ലെന്നും അധികൃതർ വിശദീകരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് അബുദാബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾ വിശദീകരിച്ചത്. നോർമൽ പാസ്പോർട്ട് റിന്യൂവൽ സർവ്വീസ്, തൽക്കാൽ സർവ്വീസ്, പ്രീമിയം ലോഞ്ച് സർവ്വീസ് എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള സേവനങ്ങളാണ് പാസ്പോർട്ട് പുതുക്കുന്നതിന് ലഭിക്കുക. അധിക ഫീസ് വാങ്ങി, ബിഎൽഎസ് കേന്ദ്രങ്ങൾ വഴിയാണ് പ്രീമിയം ലോഞ്ച് സർവ്വീസ് നൽകുന്നത്. എന്നാൽ പ്രീമിയം ലോഞ്ചിൽ അപേക്ഷിച്ചതിനാൽ വേഗത്തിൽ സർവ്വീസ് ലഭിക്കണമെന്ന് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അധിക പണം വാങ്ങി പ്രീമിയം സർവ്വീസിലൂടെ നടപടികൾ വേ ഗത്തിലാക്കുന്നുവെന്ന പരാതി നേരത്തെ പ്രവാസികൾ ഉന്നയിച്ചിരുന്നു. തൽക്കാൽ സർവ്വീസിലൂടെയാണ് വേ ഗത്തിൽ പാസ്പോർട്ട് സേവനങ്ങൾ ലഭിക്കുക. ഇതിന് അധിക പണം നൽകണമെന്നും എംബസി വ്യക്തമാക്കി.
ബിഎൽഎസ് കേന്ദ്രങ്ങളാണ് പാസ്പോർട്ട് സേവനം യുഎഇയിൽ നൽകുന്നത്. അതിനാൽ ഓൺലൈൻ ആയി ബുക്കിംഗ് എടുക്കുകയോ ബിഎൽഎസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കുകയോ വേണം. അതേസമയം, തൽക്കാൽ സേവനങ്ങൾക്ക് മുൻകുട്ടി ബുക്കിംഗ് ആവശ്യമില്ലെന്നും എംബസി വിശദീകരിച്ചു.