India

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു | maoist encounter again in chhattisgarh

ഇന്നലെയും ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.

ഇന്നലെയും ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.

ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഛത്തീസ്ഗഡിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നീ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഒഡീഷയിലെ നുവാപാഡ ജില്ലയുടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസർവ് വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. തോക്കുകളും വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സേന അറിയിച്ചു. മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്ന ചലപതിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചലപതിയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി രൂപ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ മാത്രം സുരക്ഷാ സേന 200-ലധികം മാവോയിസ്റ്റുകളെ വധിച്ചു.

2026 മാർച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ, ഏറ്റുമുട്ടലിനെ നക്സലിസത്തിനേറ്റ മറ്റൊരു ശക്തമായ പ്രഹരം എന്ന് വിശേഷിപ്പിച്ചു. നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള ദൌത്യത്തിൽ നമ്മുടെ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചു. ഒഡീഷ – ഛത്തീസ്ഗഡ് അതിർത്തിയിൽ സിആർപിഎഫ്, എസ്ഒജി ഒഡീഷ, ഛത്തീസ്ഗഡ് പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ 14 നക്സലൈറ്റുകളെ കൊലപ്പെടുത്തി എന്നാണ് അമിത് ഷാ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

CONTENT HIGHLIGHT: maoist encounter again in chhattisgarh

Latest News