പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ കൊല്ലുമെന്ന് പ്ലസ് വൺ വിദ്യാർഥി ഭീഷണി മുഴക്കിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ. ദൃശ്യങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കുട്ടിക്ക് കൗൺസിലിങ് അടക്കം നൽകാൻ പിടിഎ യോഗം ചേർന്ന് തീരുമാനിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിൻസിപ്പൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
സ്കൂളിൻ്റെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ല. കുട്ടിയുടെ അച്ഛൻ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തതായാണ് മനസിലാക്കുന്നത്. അതിൽ താൻ കൂടുതൽ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാർത്ഥി നേരത്തെയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു. മുൻപ് പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴെല്ലാം കുട്ടിയെ ചേർത്ത് നിർത്തുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥി മാപ്പ് പറഞ്ഞതായും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി ഇത് ഒത്തുതീർത്തതായും പ്രിൻസിപ്പൽ വ്യക്തമാക്കി. ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടർക്ക് ഇന്ന് തന്നെ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ ഫോൺ കൊണ്ട് വരരുതെന്ന് വിദ്യാർത്ഥികൾക്ക് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയതെന്നാണ് ഇന്നലെ വന്ന വാർത്ത. പുറത്തുവന്ന ദൃശ്യത്തിൽ ‘കുറേ നാളായി നിങ്ങൾ എന്നെ മെൻ്റൽ ഹരാസ് ചെയ്യുന്നു’ എന്ന് വിദ്യാർത്ഥി പറയുന്നുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട ഈ വിദ്യാർത്ഥിക്ക് ബാലാവകാശ കമ്മീഷൻ കൗൺസിലിങ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് സ്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ വീഡിയോ പുറത്ത് വന്ന സാഹചര്യം എന്തെന്നത് വിശദീകരിക്കാനും കുട്ടി ഭീഷണി മുഴക്കാനുണ്ടായ സാഹചര്യം എന്തെന്ന് അറിയാനുമാണ് ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടത്.
CONTENT HIGHLIGHT: student threat video school principal response