Kerala

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം; ഹെൽമറ്റ് കൊണ്ട് ആക്രമിച്ചെന്ന് പരാതി – sfi assaults student

യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർഥികൾ മർദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദനമെന്നാണ് ആരോപണം. ക്തദാനവുമായി ബന്ധപ്പെട്ടാണ് മര്‍ദനം.

രക്തദാനം നടത്തണമെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞപ്പോൾ താൻ രണ്ടുമാസം മുമ്പ് രക്തദാനം നടത്തിയതാണെന്ന് അബ്ദുല്ല പറഞ്ഞിരുന്നു. ഇതു പറഞ്ഞപ്പോള്‍ എസ്എഫ്ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ പറയുന്നത്.

അബ്ദുല്ല പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പഴ്സനും പോലീസ് സ്റ്റേഷനില്‍ എത്തി തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് പരാതി നൽകി. രണ്ട് പരാതിയിലും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ചതിനെ തു‌ടർന്ന് യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. രണ്ടാം വര്‍ഷ വിദ്യാർഥിയായ മുഹമ്മദ് അനസിനാണ് അന്ന് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദനമേറ്റത്.

STORY HIGHLIGHT: sfi assaults student again in university college