Features

അങ്ങ് ബഹിരാകാശത്ത് സൗരോര്‍ജ നിലയവും അണക്കെട്ടും നിര്‍മ്മിക്കാനാവുമോ ?: ലോകത്തെ ഞെട്ടിച്ച് കമ്യൂണിസ്റ്റ് ചൈനയുടെ പുതിയ പദ്ധതി വരുന്നു, വിശ്വസിച്ചേ മതിയാകൂ; എന്താണ് ലോങ് മാര്‍ച്ച് ?

സൂര്യ രശ്മികളെ അണകെട്ടി തടുത്തു നിര്‍ത്താന്‍ ബഹിരാകാശത്തൊരു അണക്കെട്ട് നിര്‍മ്മിച്ച്, ഇങ്ങനെ ശേഖരിച്ച സൗരോര്‍ജം വൈദ്യുത കാന്തിക തരംഗങ്ങളായ മൈക്രോ വേവുകളാക്കി ഭൂമിയിലെത്തിച്ച് മനുഷ്യന്റെ അനന്തമായ ആവശ്യങ്ങളിലേക്ക് പ്രസരിപ്പിക്കുക!. കേട്ടിട്ടുതന്നെ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍, സത്യമാണെന്നും വിശ്വസിച്ചേ മതിയാകൂ എന്നും കമ്യൂണിസ്റ്റ് ചൈന പറയുന്നു. സമീപ ഭാവിയില്‍ അതും സാധ്യമാക്കാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഒന്നും വെറുതേ പറയുന്നവരല്ല ചൈനാക്കാര്‍. ലോകത്ത് എന്തുണ്ടെങ്കിലും അതിന്റെ ഡ്യൂപ്ലിക്കേറ്റും ലോകത്തിനു പരിചയപ്പെടുത്തിയത് ചൈനയാണെന്നു മറക്കരുത്. ആലു കൂടിയാല്‍ പാമ്പ് ചാകില്ലെന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍, ആള്‍ക്കാരാണ് ചൈനയുടെ ശക്തിയും അഭിമാനവും. ചന്ദ്രനില്‍ നിന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാകുന്ന ഭുമിയിലെ ഏക വസ്തു ചൈനീസ് വന്‍മതിലാണെന്ന് ചരിത്രത്തില്‍ പഠിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ക്ക് സാധ്യമല്ലാത്തതൊന്നും ലോകത്തില്ല എന്ന്. ബഹിരാകാശത്ത് സൗരോര്‍ജ്ജ നിലയവും അണക്കെട്ടും നിര്‍മ്മിച്ച് ഊര്‍ജ്ജോത്പാദനം എന്ന ചിന്ത ചൈനക്കാര്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അത് ചെയ്തിരിക്കും.

ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഒരു കിലോമീറ്റര്‍ വീതിയിലാണ് ഈ സൗരോര്‍ജ നിലയം സ്ഥാപിക്കാന്‍ പോകുന്നത്. ഒരു കൂട്ടം വലിയ സൗരോര്‍ജ പാനലുകള്‍ ബഹിരാകാശത്ത് വിന്യസിച്ചാണ് ഈ സൗരോര്‍ജ നിലയം യാഥാര്‍ഥ്യമാക്കുക. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്ന ചൈനയിലെ യാങ്സി നദിയിലെ അണക്കെട്ടാണ് ത്രീ ഗോര്‍ജസ് ഡാം (Three Gorges Dam is a dam on the Yangtze River in China). 22,500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്.

അത്രതന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ നിലയം ബഹിരാകാശത്തും സ്ഥാപിക്കുകയാണ് ചൈന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗരോര്‍ജം ഇടതടവില്ലാതെ ലഭ്യമാകും എന്നതിനാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ തടസ്സം നേരിടില്ലെന്നതാണ് ബഹിരാകാശത്ത് സൗരോര്‍ജ പദ്ധതി കൊണ്ടുള്ള ഏറ്റവും വലിയഗുണം. രാവും പകലും വ്യത്യാസമില്ലാതെ സൗരോര്‍ജം ശേഖരിക്കാനും കാലാവസ്ഥാ വ്യതിയാനം, മേഘ പാളികള്‍ തുടങ്ങിയവ മൂലം സൗരോര്‍ജ്ജ ലഭ്യതയിലുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തമായിരിക്കാനും ബഹിരാകാശ സൗരോര്‍ജ നിലയത്തിന് സാധ്യമാവും എന്നത് പദ്ധതിയെ വ്യത്യസ്ഥമാക്കുന്നു.

അന്തരീക്ഷത്തിലെയും മേഘങ്ങളിലെയും ഈര്‍പ്പം ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുന്നുവെന്ന പ്രശ്നമുള്‍പ്പെടെ അതിജീവിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഈ സൗരോര്‍ജ നിലയത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ഭൂമിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ആകെ എണ്ണത്തിന്റെ അളവിന് തുല്യമായിരിക്കും എന്നാണ് പദ്ധതിയുടെ ഉപജ്ഞാതക്കളിലൊരാളാ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ ലോങ് ലെഹാവോയുടെ അഭിപ്രായം.

‘ഞങ്ങള്‍ ഇപ്പോള്‍ ഈ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ത്രീ ഗോര്‍ജസ് അണക്കെട്ടിനെ ഭൂമിയില്‍ നിന്ന് 36,000 കി.മീ (22,370 മൈല്‍) ഉയരത്തിലുള്ള ഭൂസ്ഥിര പരിക്രമണപഥത്തിലേക്ക് മാറ്റുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്. പ്രതീക്ഷിക്കാന്‍ കഴിയുന്ന അവിശ്വസനീയമായ പദ്ധതിയാണിത്’ ലോങ് പറഞ്ഞു. ചൈനയുടെ ലോങ് മാര്‍ച്ച് എക്സ്പെന്‍ഡബിള്‍ ലോഞ്ച് സിസ്റ്റം റോക്കറ്റുകളുടെ ചീഫ് ഡിസൈനറും ചൈനീസ് ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഡെപ്യൂട്ടി ചീഫ് ഡിസൈനറുമാണ് ലോങ് ലെഹാവോ. ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോര്‍പ്പറേഷന്‍ നടത്തുന്ന വിക്ഷേപണ റോക്കറ്റുകളുടെ പരമ്പരയാണ് ലോങ് മാര്‍ച്ച് റോക്കറ്റുകള്‍ എന്നറിയപ്പെടുന്നത്. ചൈനീസ് ആഭ്യന്തര യുദ്ധകാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ 10,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചരിത്രപരമായ മാര്‍ച്ചിന്റെ ഓര്‍മയ്ക്കാണ് ഇതിന് ലോങ് മാര്‍ച്ച് എന്ന പേര് നല്‍കിയിരിക്കുന്നത്’

ഒരു കൂട്ടം സൗരോര്‍ജ പാനലുകള്‍ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്ത് എത്തിക്കുകയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. ബഹിരാകാശത്ത് വച്ച് സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം തുടര്‍ച്ചയായി ശേഖരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന നിരവധി ബഹിരാകാശ അധിഷ്ഠിത സോളാര്‍ പവര്‍ (എസ്.ബി.എസ്.പി) സാങ്കേതിക വിദ്യകള്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭൂമിയുടെ ഉപരിതലത്തേക്കാള്‍ 10 മടങ്ങ് കൂടുതല്‍ തീവ്രതയുള്ള ബഹിരാകാശത്ത് പദ്ധതി പ്രാവര്‍ത്തികമാക്കല്‍ വലിയ വെല്ലുവിളി നിറഞ്ഞതാണ്. ഇത്തരത്തില്‍ ബഹിരാകാശത്ത് ഭീമന്‍ സൗരോര്‍ജ നിലയം സ്ഥാപിക്കണമെങ്കില്‍ നിരവധി സൗരോര്‍ജ പാനലുകളുടെ നീണ്ട നിരതന്നെ അവിടെ സ്ഥാപിക്കേണ്ടിവരും.

റോക്കറ്റുകള്‍ വഴി ഈ പാനലുകള്‍ അവിടെയെത്തിക്കാന്‍ ഒട്ടനവധി വിക്ഷേപണങ്ങളും നടത്തിയേ മതിയാവൂ. ഈ പ്രശ്നം പരിഹരിക്കാന്‍ ലോംഗും സംഘവും ലോംഗ് മാര്‍ച്ച്9 (CZ9) എന്ന പുനരുപയോഗിക്കാവുന്ന ഹെവിലിഫ്റ്റ് റോക്കറ്റ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പദ്ധതിയുടെ വിക്ഷേപണ വാഹനമായി വിശേഷിപ്പിക്കപ്പെടുന്ന ഇതിന് കുറഞ്ഞത് 150 ടണ്‍ (136 മെട്രിക് ടണ്‍) വഹിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് സൂചന. ഈ റോക്കറ്റുകള്‍ വികസിപ്പിക്കുന്നതും ഈ മേഖലയിലെ ചൈനയുടെ വലിയ കുതിച്ചുചാട്ടമായിരിക്കും. 130 ടണ്‍ ശേഷിയുള്ള നാസയുടെ സാറ്റേണ്‍ വി, സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) ഹെവിലിഫ്റ്റ് റോക്കറ്റുകളെ മറികടന്ന്, താഴ്ന്ന ഭ്രമണപഥത്തിലേക്ക് 150 ടണ്‍ വരെ വഹിക്കാന്‍ കഴിയുമെന്നതാണ് CZ9 ന്റെ പ്രത്യേകത.

‘നിലവില്‍ ചൈന ഉപയോഗിക്കുന്ന CZ5 ന് ഏകദേശം 50 മീറ്റര്‍ ഉയരമാണുള്ളത്. CZ9 110 മീറ്ററിലെത്തും. റോക്കറ്റിന്റെ പ്രധാന ഉപയോഗം ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജ നിലയങ്ങളുടെ നിര്‍മ്മാണമായിരിക്കും’ എന്നും അദ്ദേഹം പറയുന്നു. ബഹിരാകാശത്ത് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുക എന്ന ആശയം പതിറ്റാണ്ടുകളായി ശാസ്ത്ര വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും ശക്തമായ ചുവടുവെപ്പുകളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ശേഖരിച്ച് ഭൂമിയിലേക്ക് അയക്കുന്ന പദ്ധതിയെ അന്താരാഷ്ട്രതലത്തില്‍ ‘ഊര്‍ജ്ജ മേഖലയുടെ മാന്‍ഹട്ടന്‍ പദ്ധതി’ (Manhattan Project of the energy sector) എന്നാണ് വിശേഷിപ്പിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്തെ ആദ്യ ആറ്റം ബോംബ് നിര്‍മ്മാണ പദ്ധതിക്ക് നല്‍കിയ പേരാണ് മാന്‍ഹട്ടന്‍ പ്രോജക്റ്റ്. യു.എസ് നേതൃത്വം നല്‍കിയ ഈ പ്രോജക്റ്റില്‍ യു.കെയിലേയും കാനഡയിലേയും ശാസ്ത്രജ്ഞര്‍ പങ്കാളികളായിരുന്നു. ആറ്റം ബോംബ് മനുഷ്യ വിനാശത്തിലേക്ക് നയിച്ചെങ്കിലും ആണവോര്‍ജമുപയോഗിച്ച് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ മനുഷ്യന് സാധ്യമായി. അതുകൊണ്ട് തന്നെ ഇതിന് സമാനമായ പേരാണ് പുതിയ കുതിച്ചുചാട്ടത്തിനും ലോകം നല്‍കിയിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായ രീതിയില്‍ സൗരോര്‍ജമുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ സമീപകാലത്ത് ഏറെ നിലവില്‍ വന്നിട്ടുണ്ടെങ്കിലും രാത്രിയില്‍ സൂര്യപ്രകാശം ലഭിക്കില്ലന്നതും ഇടയ്ക്കിടെ അന്തരീക്ഷം മേഘാവൃതമായി മാറുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികളും ഈ പദ്ധതികളുടെ ഗുണം വേണ്ടത്ര ലഭിക്കാതിരിക്കുന്നതിന് കാരണമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷ. ‘ഈ ഭീമാകാരമായ സൗരോര്‍ജ്ജ ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനുള്ള സൗരോര്‍ജ പാനലുകള്‍ രാജ്യത്തിന്റെ പുതിയ ഹെവി ലിഫ്റ്റ് റോക്കറ്റുകള്‍ ഉപയോഗിച്ച് ഭ്രമണപഥത്തിലേക്ക് ഓരോന്നായി ഉയര്‍ത്തും. ഒരു കിലോമീറ്റര്‍ (0.6 മൈല്‍) വീതിയിലാണ് ബഹിരാകാശത്ത് ഒരു വലിയ സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുക.

ഇതിലൂടെ നിര്‍മിക്കുന്ന ഊര്‍ജം മൈക്രോവേവ് വഴി ഭൂമിയിലേക്ക് തുടര്‍ച്ചയായി തിരികെ എത്തിക്കും. ഭൂമിക്ക് മുകളിലുള്ള സ്ഥാനം കാരണം, ഭൂമിയിലെ സോളാര്‍ പാനലുകളേക്കാള്‍ പത്തിരട്ടി കൂടുതല്‍ കാര്യക്ഷമതയോടെ സൂര്യപ്രകാശത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റാന്‍ ഇതിനാവും. കൂടാതെ, ഇത് എല്ലാ ദിവസവും ഓരോ സെക്കന്‍ഡിലും സൂര്യപ്രകാശം ശേഖരിക്കും. ഇന്ന് സൗരോര്‍ജ്ജത്തെ ബാധിക്കുന്ന ഇടയ്ക്കിടെയുള്ള പ്രശ്നങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കും’ ലോങ് പറഞ്ഞു. അമേരിക്കയ്ക്കും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്കും ജപ്പാനിലെ ജാക്സ ബഹിരാകാശ ഏജന്‍സിക്കുമെല്ലാം ഇത്തരത്തിലുള്ള പദ്ധതി വികസിപ്പിക്കാന്‍ ആലോചനയുണ്ട്.

CONTENT HIGHLIGHTS; Can you build a solar power plant and a dam in space?: Communist China’s new plan is coming to shock the world, believe me; What is Long March?