ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. തിരിച്ചറിയാൻ കഴിയാത്ത വിഷവസ്തുക്കളാണ് മരണങ്ങൾക്ക് പിന്നിലെന്നും പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ലക്നൗവിലെ സിഎസ്ഐആർ ലാബ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധകളോ പകർച്ചവ്യാധികളോ അല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ചില വിഷവസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും ഗൂഢാലോചന കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും’- മന്ത്രി പറഞ്ഞു.
രജൗറിയിലെ വിദൂര ഗ്രാമമായ ബദാലിലെ മൂന്ന് കുടുംബങ്ങളിലാണ് ദുരൂഹ മരണങ്ങൾ നടന്നത്. മരിച്ചവരുടെ അടുത്ത ബന്ധുക്കളായ നാലുപേർ കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ പനി, ശരീര വേദന, ഓക്കാനം, തീവ്രമായ വിയർപ്പ്, ബോധം നഷ്ടപ്പെടൽ തുടങ്ങിയവയാണ് മരിക്കുന്നതിനുമുമ്പ് കാണുന്ന പ്രധാന ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും.
ആദ്യം പകർച്ചവ്യാധിയാണെന്നാണ് കരുതിയത്. തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയതോടെയാണ് ഭക്ഷ്യവസ്തുക്കളിൽ നിന്നുളള വിഷാംശം ആണെന്നതിന് തെളിവുകൾ ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 200 ലധികം ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവയുടെ ഫലം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. മരിച്ചവരുടെ ശരീരസ്രവങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിൽ ന്യൂറോ ടോക്സിനുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: unnatural deaths in jammu and kashmir