എറണാകുളം: കൂത്താട്ടുകുളത്തെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് സ്വീകരണം. മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചുമാണ് മൂവാറ്റുപുഴ സബ് ജയിലിന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രതികൾക്ക് സ്വീകരണം നൽകിയത്. മൂവാറ്റുപുഴ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ് സബ് ജയിലിന് മുന്നിലെത്തിയത്.
ദിവസങ്ങൾ മാത്രമാണ് ഇവർ റിമാൻഡിൽ കഴിഞ്ഞത്. ഇവരുടെ ജാമ്യാപേക്ഷ സമർപ്പിച്ച് വളരെ വേഗത്തിൽ തന്നെ ജാമ്യം ലഭിച്ചു. കേസിൽ ഇവർ 4 പേർ മാത്രമാണ് അറസ്റ്റിലായത്. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേ സമയം, ഇവരുടെ ചിത്രം കണ്ട് ഇതല്ല പ്രതികളെന്ന് കൗൺസിലർ കലാ രാജു പ്രതികരിച്ചിരുന്നു. സിപിഎം ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള 4 പ്രതികളാണ് ഇപ്പോൾ ജയിൽ മോചിതരായിരിക്കുന്നത്. കേസിൽ 45 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.