നമ്മുടെയൊക്കെ ബാല്യകാലത്തിന്റെ ഓർമ്മകളിലേക്ക് പോകുമ്പോൾ പൂത്തുലഞ്ഞ മാവും മധുരമുള്ള മാമ്പഴവും ഒക്കെ എല്ലാവർക്കും ഓർത്തെടുക്കാൻ കഴിയും. എന്നാൽ ഇന്നത്തെ കാലത്ത് പൂത്തുലഞ്ഞ മാവുകൾ കാണാൻകിട്ടുന്നത് തന്നെ വിരളമാണ്. ഒറ്റ മതിലിനുള്ളിൽ ഇടുങ്ങിയിരിക്കുന്ന വീടും ഫ്ലാറ്റ് ജീവിതവും പഴയ തൊടികളെയെല്ലാം വെറും ഓർമയാക്കി. മിക്കപ്പോഴും സ്ഥല പരിമിതിയാണ് മരങ്ങളുടെ എണ്ണം കുറയുന്നതിനും ഉള്ള ഒരു പ്രധാന കാരണം. അതിന് ഒരു പരിഹാരമായി ഗ്രോബാഗിൽ വളർത്താവുന്ന മാവും മറ്റു ചെടികളും ഇന്ന് സുലഭമാണ്. എന്നാൽ അവ വീട്ടിൽ കൊണ്ടു വന്ന് നട്ടാലും ആവശ്യത്തിന് കായ്ഫലങ്ങൾ കിട്ടാറില്ല എന്നതായിരിക്കും പലരുടെയും പരാതി. എന്നാൽ അതിന് പരിഹാരം ഉണ്ട്.
നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് മാവുകൾ പൂക്കുന്നത്. പൂവ് മാമ്പഴമായി രൂപാന്തരം പ്രാപിക്കാൻ ശരാശരി 90 ദിവസമെങ്കിലും നാം കാത്തിരിക്കേണ്ടി വരും. മാവു പൂക്കുന്നതിനു തൊട്ടു മുൻപുള്ള മാസങ്ങൾ അതായതു ഒക്ടോബർ-നവംബർ മാസങ്ങളിൽ മാവു നന്നായി പൂക്കുവാനും പൂക്കൾ കൊഴിയാതിരിക്കാനും നാം ചില പൊടികൈകൾ ചെയ്യേണ്ടതുണ്ട്.
കഞ്ഞിവെള്ള പ്രയോഗം ഒരു മികച്ച രീതിയാണ്. ചെറിയ മാവിന് വേണ്ടി വരുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചിട്ടുള്ള മിശ്രിതത്തിന്റെ കണക്കാണ് ഇവിടെ പറയുന്നത്. ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ നന്നായി കുതിർത്ത 250 ഗ്രാം കടലപിണ്ണാക്ക് നന്നായി ഇളക്കി ചേർക്കുക. അതിലേക്ക് ഒരു കപ്പ് പച്ചചാണകമോ ചാണകവെള്ളമോ ചേർക്കുക. പിന്നീട് 100 ഗ്രാം ശർക്കര പൊടിച്ചത് കൂടി ചേർത്ത് ഇളക്കുക. ഇതിനു ശേഷം 1/2 കപ്പ് എല്ലു പൊടി നന്നായി ഇളക്കി ചേർത്ത് എടുത്താൽ ഈ മിശ്രിതം തയ്യാറാക്കാം.
ഗ്രോ ബാഗിൽ തൈ നടുന്നതിന് മുമ്പായി ലായിനി മുഴുവനായി ഒഴിച്ച് ചേർത്ത് മണ്ണിട്ട് മൂടുക. ഇതിനു ശേഷം വൈക്കോലോ ചപ്പുചവറുകളോ ചേർത്ത് ചെറിയ രീതിയിൽ കത്തിക്കണം. ഈ പുക മാവിൻ തയ്യിലേക്ക് കൊള്ളിക്കണം. ആഴ്ച്ചയിൽ രണ്ടു തവണ ഇത് ചെയ്യുക. വലിയ രീതിയിൽ തീ കത്തിച്ചു തൈ വാടി പോകാതെ നോക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ഏതു പൂക്കാത്ത മാവും പൂക്കും.