Kerala

എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണു കേരളം, അഴിമതിക്ക് മാത്രം ഒരു കുറവുമില്ല; വി.ഡി.സതീശൻ – vd satheesan

എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണു കേരളം. എന്നാൽ അഴിമതിക്ക് മാത്രം സംസ്ഥാനത്ത് ഒരു കുറവുമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നതെന്നാണു യാഥാർ‌ഥ്യം. രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സര്‍ക്കാര്‍ മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘അഴിമതിക്ക് മാത്രം സംസ്ഥാനത്ത് ഒരു കുറവുമില്ല. കോവിഡ് കാലത്ത് കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ടു പുതിയ കാര്യം കൂടി പുറത്തുവിടുകയാണ്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ അനിത ടെക്‌സിക്കോട്ട് എന്ന കമ്പനിക്ക് 25000 പിപിഇ കിറ്റുകള്‍ 550 രൂപയ്ക്ക് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇ–മെയില്‍ അയച്ചു. എന്നാല്‍ അതേ ദിവസം വൈകിട്ട് 5.55 ന് നെഗോഷ്യേറ്റ് ചെയ്തപ്പോള്‍ അനിത ടെക്‌സിക്കോട്ട് എന്ന കമ്പനി 550 രൂപ കുറയ്ക്കാന്‍ തയാറായില്ലെന്നും അതുകൊണ്ട് അവരില്‍ നിന്നും പതിനായിരം കിറ്റ് മാത്രമേ വാങ്ങുന്നുള്ളൂവെന്നും ഫലയില്‍ രേഖപ്പെടുത്തി. അതേദിവസം വൈകിട്ട് 7.48 ന് സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തിനു മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അങ്ങോട്ട് മെയില്‍ അയച്ച് 1550 രൂപ നിരക്കില്‍ അവരുടെ പിപിഇ കിറ്റ് വാങ്ങാന്‍ തയാറാണെന്ന് അറിയിച്ചു. 15,000 കിറ്റുകള്‍ വാങ്ങാന്‍ അവര്‍ക്ക് 100 ശതമാനം അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തു. 550 രൂപ കുറയ്ക്കാന്‍ ഒരു കമ്പനി തയാറിയില്ലെന്നു പറഞ്ഞവരാണു 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് വാങ്ങിയത്. ഇതിനേക്കാള്‍ വലിയ അഴിമതി എന്തുണ്ട് ?’ സതീശൻ ചോദിച്ചു.

പാവങ്ങളും കുഞ്ഞുങ്ങളും പോകുന്ന 26 സര്‍ക്കാര്‍ ആശുപത്രികളിലാണു കാലാവധി കഴിഞ്ഞ മരുന്നു വിതരണം ചെയ്തത്. രാസമാറ്റം സംഭവിച്ച് ജീവഹാനി വരെ ഉണ്ടാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. പാലക്കാട് മദ്യനിര്‍മ്മാണ ശാല തുടങ്ങുന്നതിനു വേണ്ടി ഒരു കമ്പനി മാത്രം അപേക്ഷ നല്‍കിയെന്നാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. ആരും അറിയാതെ മധ്യപ്രദേശ് കമ്പനി മാത്രം എങ്ങനെയാണ് മദ്യനിർമാണ ശാലയ്ക്ക് അനുമതി നല്‍കുന്ന വിവരം അറിഞ്ഞത് ? എക്‌സൈസ് മന്ത്രിയും സര്‍ക്കാര്‍ ഉത്തരവും കമ്പനിയെ പ്രകീര്‍ത്തിക്കുകയാണ്. ഡല്‍ഹി മദ്യനയകേസില്‍ ഉള്‍പ്പെടുകയും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയതിനു നിയമ നടപടി നേരിടുകയും ചെയ്യുന്ന കമ്പനിയെയാണു മന്ത്രി പ്രകീര്‍ത്തിക്കുന്നത്. ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാലു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയ ക്രൂരത ചെയ്ത കമ്പനിയെ കുറിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ എന്തൊരു പ്രകീര്‍ത്തനമാണു നടത്തിയിരിക്കുന്നത്. കുപ്രസിദ്ധമായ കമ്പനിയുടെ മാത്രം അപേക്ഷ വാങ്ങി കുടിക്കാന്‍ വെള്ളമില്ലാത്ത പാലക്കാടാണ് അനുമതി നല്‍കിയിരിക്കുന്നത്.’ സതീശൻ പറഞ്ഞു.

STORY HIGHLIGHT: vd satheesan